ഹവാന: ക്യൂബന്‍ വിപ്ലവനായിക മെല്‍ബ ഹെര്‍ണാണ്ടസ്(92) അന്തരിച്ചു. പ്രമേഹത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമായി പറയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി പാര്‍ട്ടി പത്രമായ ഗ്രാന്മയിലാണ് മെല്‍ബയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍ എവിടെ വച്ചാണ് മെല്‍ബയുടെ അന്ത്യമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
1953ല്‍ സൈന്യത്തിനെതിരെ ഫിദല്‍ കാസ്ട്രോ നടത്തിയ വിപ്ലവത്തില്‍ സഹായിച്ച രണ്ട് വനിതകളില്‍ ഒരാളാണ് മെല്‍ബ ഹെര്‍ണാണ്ടസ്. 1999ല്‍ അന്തരിച്ച ജീസസ് മോണ്ടെയ്നാണ് മെല്‍ബയുടെ ഭര്‍ത്താവ്. വികസ്വര രാജ്യങ്ങളായ ഏഷ്യ, ആഫ്രിക്ക ലാറ്റിന അമേരിക്ക എന്നിവടങ്ങളിലെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടി 1966ല്‍ ക്യൂബയില്‍ രൂപീകരിക്കപ്പെട്ട ഓര്ഗനൈസേഷന് ഫോര്‍ സോളിഡാരിറ്റിയുടെ സെക്രട്ടറി ജനറല്‍ ആയിരുന്നു മെല്‍ബ.
1921 ജൂലൈ 28നാണ് മെല്‍ബയുടെ ജനനം. ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫുള്ജെന്കിയോ ബാറ്റിസ്റ്റയുടെ അഴിമതി ഭരണത്തിനെതിരെ പോരാടാന്‍ കാസ്ട്രോയോടൊപ്പം സര്‍വ്വ പിന്തുണയുമായി മെല്ബയുമുണ്ടായിരുന്നു. 1953ല്‍ സൈന്യത്തെ ആക്രമിക്കുന്നതിനു വേണ്ടി കാസ്ട്രോ പദ്ധതിയിട്ടപ്പോള്‍ അക്രമികള്‍ക്ക് വേണ്ടി യൂണിഫോമുകള്‍ സംഘടിപ്പിച്ച് അതില്‍ മിലിട്ടറി പദവി മുദ്രകള്‍ തുന്നിച്ചേര്‍ത്തത് മെല്‍ബയും സംഘത്തിലെ മറ്റൊരു വനിതയുമായ ഹൈഡി സാന്റാമറിയയും കൂടിയായിരുന്നു.
1959ല്‍ ഫിദല്‍ കാസ്ട്രോ അധികാരത്തില്‍ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബ രൂപീകരിക്കുന്നതിലും മെല്‍ബ പങ്കുചേര്‍ന്നു. വിയറ്റ്നാമിലെയും കമ്പോഡിയയിലെയും ക്യൂബന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997ല്‍ ലിബിയന്‍ ഭരണാധികാരി ആയിരുന്ന കേണല്‍ മുവാമര്‍ ഗദ്ദാഫിയില്‍ നിന്നും ലേകാത്തിലെ മറ്റ് അഞ്ച് വനിതകളോടൊപ്പം മനുഷ്യാവകാശ പുരസ്കാരം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: