കൊച്ചി: കുടിവെള്ള ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലേക്കും ആവശ്യമായ ശുദ്ധജലത്തിന്റെ പകുതിയോളം മാത്രമേ ഇപ്പോള്‍ ശുദ്ധീകരിച്ച് ആലുവ ജല ശുദ്ധീകരണശാലയില്‍ നിന്നും വിതരണം ചെയ്യുന്നുളളൂ.
വേനലിന്റെ കാഠിന്യം കൂടി വരുന്നതു മൂലം ശുദ്ധജലത്തിന്റെ ഉപഭോഗവും കൂടിവരികയും ചിലപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നുമുണ്ട്. വിതരണ ശ്യംഖലയുടെ വാലറ്റ പ്രദേശങ്ങളായ ചിറ്റൂര്‍, ചേരാനെല്ലൂര്‍, ചെല്ലാനം, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി പ്രദേശങ്ങളിലും, കൊച്ചി കോര്പറേഷന് പരിധിയില്‍പെട്ട പശ്ചികൊച്ചി, തേവരഫെറി, കോന്തുരുത്തി, ചിലവന്നൂര്‍, പേട്ട, വെണ്ണല, പാടിവട്ടം, ഇടപ്പളളി, കുന്നുംപുറം, പച്ചാളം, വടുതല പ്രദേശങ്ങളിലും ഇപ്രകാരമുളള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ശുദ്ധജലം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും മോട്ടോര്‍ പമ്പ് സെറ്റ്, ഹാന്‍ഡ് പമ്പ് ഘടിപ്പിച്ച് വെളളം വിതരണ ശ്യംഖലയില്‍ നിന്നും ഊറ്റിയെടുക്കുന്നതായും വ്യാപകമായ പരാതികള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കും.
ഇപ്രകാരം ചെയ്യുന്നതുമൂലം വിതരണ ശ്യംഖലയില്‍ വായു പ്രവേശിച്ച് സുഗമമായ ജല വിതരണം തടസപ്പെടുകയും പുറത്തു നിന്നും മലിനജലം പൈപ്പിനുളളില്‍ കടക്കുവാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെളളം ഊറ്റിയെടുക്കുന്നതിനും പബ്ലിക് ടാപ്പുകളില്‍ നിന്ന് ഹോസ് ഘടിപ്പിച്ച് അനധികൃതമായി ജലസംഭരണം നടത്തുന്നതും ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. പൊതുജനങ്ങള്‍ ഇങ്ങനെയുളള പ്രവൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അല്ലാത്ത പക്ഷം കണക്ഷന് കട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള മറ്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: