ക്വാലാലംപൂര്‍/ബീജിങ്: തെക്കന്‍ ചൈന കടലിന് മുകളില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനുവേണ്ടി അന്താരാഷ്ട്ര സഹായത്തോടെ വ്യാപക തെരച്ചില്‍ തുടരുന്നു. ആറു രാജ്യങ്ങളിലെ കപ്പലുകള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സിംഗപ്പൂര്‍ രണ്ട് യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും ചൈന രണ്ടു കപ്പലുകളും വിട്ടുനല്‍കി. മലേഷ്യയുടെ മൂന്നു ജെറ്റുകളും അമേരിക്കന്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
അതേസമയം, വിമാനം ഭീകരര്‍ തട്ടിയെടുത്തതാണോ, തകര്ത്തതാണോയെന്നൊക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചും മലേഷ്യ അന്വേഷണം ആരംഭിച്ചു. ഭീകരബന്ധം പരിശോധിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നാലു യാത്രക്കാര്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ് വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയത്. രണ്ടുപേര്‍ മോഷ്ടിച്ചപാസ്പോര്ട്ടുകളുമായും രണ്ടുപേര്‍ വ്യാജപാസ്പോര്ട്ടുകളുമായും.ഒരു ഇറ്റലിക്കാരന്റെയും ഓസ്ട്രിയക്കാരന്റെയും പാസ്പോര്‍ട്ടുകളാണ് അവരുടെ കൈവശമുള്ളത്. ഇതില്‍ ക്രിസ്റ്റ്യന്‍ കോസെല് എന്നയാളുടെ ഓസ്ട്രിയന്‍ പാസ്പോര്‍ട്ട് 2012ല്‍ തായലന്റില്വച്ച് നഷ്ടപ്പെട്ടിരുന്നു;ലൂഗി മറാഡിള്ഡിയുടെ പേരിലുള്ളത് കഴിഞ്ഞ വര്‍ഷം തായ്ലന്റില്‍വച്ച് കൈമോശംവന്നതും.
അഞ്ച് ഇന്ത്യക്കാരടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലാംപൂരില് നിന്ന് ബീജിങ്ങിലേക്കു തിരിച്ച മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 777-200 വിമാനം ശനിയാഴ്ച്ചയാണ് കാണാതായത്. പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
വിമാനം കടലില്‍ തകര്‍ന്നു വീണെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നുമായിരുന്നു പ്രാഥമിക നിഗമനം. കടലില്‍ എണ്ണപ്പാളികള്‍ പടര്‍ന്നത് കണ്ടതായി സൈനിക വിമാനങ്ങളിലുള്ളവര് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: