കൊച്ചി: സമാധാന ജീവിതത്തിനുളള വ്യക്തികളുടെ അവകാശങ്ങളെ രാഷ്ട്രീയാഭിപ്രായങ്ങള്‍ എതിരാണെങ്കിലും ഹനിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുള്ള മാത്യകാ പെരുമാറ്റചട്ടം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണിത്.
വ്യത്യസ്ത രാഷ്ട്രീയാഭിപ്രായത്തിന്റെ പേരില്‍ വ്യക്തികളുടെ വീടിനു മുന്പില് പ്രകടനം നടത്തുകയോ വീടിനു മുന്പില് പിക്കറ്റിങ് നടത്തുകയോ അരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്നതിനായി ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി കോലങ്ങള്‍ കത്തിക്കുന്നതിനും അങ്ങനെയുള്ള മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ഥിയോ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല.
പൊതുപെരുമാറ്റം, യോഗങ്ങള്‍, പ്രകടനങ്ങള്‍ ഇവ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റം, പോളിംഗ് തീയതിയില്‍ പോളിംഗ് ബൂത്തില്‍ പാലിക്കേണ്ടതും, നിരീക്ഷകര്‍, അധികാരത്തിലുള്ള രാഷ്ട്രീയകക്ഷി എന്നിവര്‍ ഇക്കാലയളവില്‍ പാലിക്കേണ്ട പെരുമാറ്റസംഹിതകള്‍ എന്നിവ അടങ്ങിയതാണ് പെരുമാറ്റച്ചട്ടം.
പൊതുപെരുമാറ്റ സംഹിത ഏഴിനങ്ങള്‍ അടങ്ങിയതാണ്. ഭാഷാപരമായോ മതപരമായോ, വിവിധജാതി-സമുദായങ്ങള്‍ തമ്മിലുളള പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും വിധത്തിലുളള പ്രവര്‍ത്തനങ്ങളില്‍ ഒരു രാഷ്ട്രീയ കക്ഷിയും സ്ഥാനാര്‍ഥിയും ഇടപെടരുത്. മറ്റു കക്ഷികളിലെ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ പൊതുജീവിതവുമായി ബന്ധപ്പെടാതെ സ്വാകര്യ ജീവിതത്തിനെതിരെ വിമര്‍ശനം അരുത്. തെളിയിക്കപ്പെടാത്ത ആരേപണങ്ങളും പരാതികളും ഉന്നയിക്കരുത്.
ജാതിമത സമുദായ പ്രീണനം നടത്തി വോട്ടുതേടരുത്. ആരാധനാലയങ്ങള്‍ ഒരുതരത്തിലും തിരഞ്ഞെടുപ്പു പ്രചാരണ വേദിയാക്കരുത്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, പോളിങ് ബൂത്തിനു 100 മീറ്റര്‍ പരിധിക്കുളളില്‍ വോട്ടുതേടുക, തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുന്നതിനുളള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സേറ്റഷനിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് ഗതാഗതസൗകര്യമൊരുക്കുക തുടങ്ങിയ തിരഞ്ഞെടുപ്പു നിയമലംഘനം അനുവദനീയമല്ല.
അനുവാദമില്ലാതെ ഒരാളുടെയും ഭൂമി, കെട്ടിടം, മതില് എന്നിവ കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്റര്‍, മുദ്രാവാക്യം എന്നിവ പതിക്കുന്നതിനും മറ്റുമായി ഉപയോഗിക്കരുത്. ഒരു കക്ഷിയും സ്ഥാനാര്‍ഥിയും മറ്റു കക്ഷികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളും, പ്രകടനങ്ങളും തന്റെ അനുയായികള്മൂലം തടസപ്പെടുത്തില്ലെന്നുറപ്പാക്കണം. ഒരു കക്ഷിയുടെ അനുഭാവികളും പ്രവര്‍ത്തകരും മറ്റൊരു കക്ഷിയുടെ പൊതുയോഗം അലങ്കോലപ്പെടുത്തും വിധം ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ലഘുലേഖ വിതരണം ചെയ്യുകയോ ചെയ്യരുത്. ഒരു കക്ഷി പതിപ്പിക്കുന്ന പോസ്റ്ററുകള്‍ മറ്റുകക്ഷി പ്രവര്‍ത്തകര്‍ മായ്ക്കുകയോ നീക്കുകയോ അരുത്. ഒരു കക്ഷിയുടെ പൊതുയോഗസ്ഥലത്തിനടുത്തു കൂടിയുളള മറ്റൊരുകക്ഷിയുടെ പ്രകടനങ്ങളും പാടില്ല.
യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനു പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങളും ചട്ടത്തിന്റെ ഭാഗമായുണ്ട്. ഗതാഗതം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനായി ഒരു കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ പൊതുയോഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ മുന്‍കൂട്ടി ലോക്കല്‍ പോലീസിനെ അറിയിച്ചിരിക്കണം. ഏതെങ്കിലും തരത്തിലുളള നിരോധന ഉത്തരവോ മറ്റോ ഉണ്ടെങ്കില്‍ അത് പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ അതിനപേക്ഷിക്കാവുന്നതാണ്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും മറ്റുമുളള ലൈന്‍സ് മുന്‍കൂട്ടി വാങ്ങിയിരിക്കണം. യോഗങ്ങള്‍ അലങ്കോലമാക്കുന്നവര്‍ക്കെതിരെ സംഘാടകര്‍ പോലീസ് സഹായം ഉറപ്പാക്കിയിരിക്കണം.
ഒരു ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുളള സമയവും സ്ഥലവും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ആവശ്യമായ ഏര്‍പ്പാടുകള്‍ ഉണ്ടാക്കുന്നതിന് പോലീസ് അധികാരികള്‍ക്ക് സാധിക്കത്തക്കവണ്ണം പരിപാടിയെപ്പറ്റി പോലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം ധരിപ്പിക്കേണ്ടതാണ്. ജാഥ പോകേണ്ട പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുളള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകര്‍ അന്വേഷണം നടത്തേണ്ടതും അധികാരികള്‍ പ്രത്യേകിച്ച് ഒഴിവാക്കാത്തപക്ഷം നിരോധനങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഗതാഗതത്തിന് വിഘാതമോ തടസമോ ഉണ്ടാകാതിരിക്കത്തക്കവണ്ണം ജാഥയുടെ ഗതിനിയന്ത്രിക്കാന് സംഘാടകര്‍ മുന്‍കൂട്ടി നടപടി എടുക്കേണ്ടതാണ്.
ജാഥ വളരെ നീണ്ടതാണെങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍ പ്രത്യേകിച്ച് ജാഥ റോഡ് ജംഗ്ഷനുകള്‍ കടന്നു പോകേണ്ട പോയിന്റുകളില്‍ തടസപ്പെട്ട ഗതാഗതം ഘട്ടം ഘട്ടമായി പോകാന്‍ അനുവദിക്കാനും അങ്ങനെ തിരക്കേറിയ ഗതാഗത സ്തംഭനം ഒഴിവാക്കാനും വേണ്ടി യോജിച്ച ദൈര്‍ഘ്യത്തില്‍ ഭാഗങ്ങളായി സംഘടിപ്പിക്കേണ്ടതാണ്. ജാഥകള്‍ കഴിയുന്നിടത്തോളം റോഡിന്റെ വലതുവശത്തു വരത്തക്കവണ്ണം ക്രമപ്പെടുത്തേണ്ടതും ഡൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്.
രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഏകദേശം ഒരേ സമയത്തുതന്നെ ഒരേ വഴിയില്‍ കൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സംഘാടകര്‍ കാലേകൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതും ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും വേണ്ട നടപടികള്‍ എടുക്കുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടതുമാണ്. തൃപ്തികരമായ ഏര്‍പ്പാടുകളില്‍ എത്തിച്ചേരുന്നതിന് ലോക്കല്‍ പൊലീസിന്റെ സഹായം ഉപയോഗപ്പെടുത്തേണ്ടതാണ്. ഈയാവശ്യത്തിനായി എത്രയും നേരത്തെ പാര്‍ട്ടികള്‍ പൊലീസുമായി ബന്ധപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ആവേശഭരിതരാകുന്ന സമയങ്ങളില്‍ അനാശാസ്യ വ്യക്തികള്‍ ദുരുപയോഗപ്പെടുത്തിയേക്കാവുന്ന സാധനങ്ങള്‍ കൊണ്ടു നടക്കുന്ന ജാഥാംഗങ്ങളുടെ മേല്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: