കല്‍പ്പറ്റ : താമരശ്ശേരിയില്‍ നിന്ന് വയനാട്ടിലേക്ക് എളുപ്പവഴി കാണിച്ചുകൊടുത്ത ഗോത്രനായകനായ കരിന്തണ്ടന്റെ ഓര്‍മ്മ പുതുക്കി ഇന്ന് വയനാടന്‍ ചുരത്തിലൂടെ കരിന്തണ്ടന് സ്മൃതിയാത്ര നടത്തും. സന്നദ്ധ സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തില്‍ പണിയ ഗോത്രവിഭാഗങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുന്ന യാത്ര അടിവാരത്ത് നിന്നും ആരംഭിച്ച് ചിപ്പിലിതോട്, രണ്ടാം വളവ്, നാലാം വളവ്, ഒന്പതാംവളവ്, വ്യൂ പോയിന്റ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി അഞ്ച് മണിക്ക് ലക്കിടിയില്‍ ചടങ്ങലമരചുവട്ടില് സമാപിക്കും. ഐ.സി.ബാലകൃഷ്ണന് എംഎല്‍എ, പള്ളിയറ രാമന്, ബി.വി.ബോളന്, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍, വാസുദേവന്‍ ചീക്കല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി യാത്ര ഉദ്ഘാടനം ചെയ്യും. ചന്തുണ്ണി, ബാലകൃഷ്ണന് എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍ എന്‍.പി.പത്മനാഭന് പതാക കൈമാറും. എളുപ്പവഴി കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന ദൗത്യം മണിക്കൂറുകള്‍കൊണ്ട് സാധിച്ച കരിന്തണ്ടനെ പിന്നീട് സായ്പ് വെടിവെച്ചുകൊന്നു എന്നാണ് ചരിത്രം. ഈ കൊടുംവഞ്ചനയുടെ സ്മരണ പുതുക്കി പണിയവിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പീപ്പിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: