തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണമെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ‘ചായ് പെ ചര്‍ച’ പരിപാടിയില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സ്ത്രീ ശാക്തീകരണത്തിനായി കോടിക്കണക്കിനു രൂപ മാറ്റിവച്ചു. എന്നാല്‍ ഒരു പ്രവര്‍ത്തനവും നടന്നില്ല. ബജറ്റില്‍ വകയിരുത്തിയ കോടികള്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ചെലവാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകള്‍ക്ക് നിര്‍ഭയമായി പുറത്തിറങ്ങാനാവണം. ഇതിന് സമൂഹവും മാറേണ്ടതുണ്ട്. പോലീസില്‍ നിന്നും അധികാരികളില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കണം. കായിക ക്ഷമത മാത്രം നോക്കിയാണ് പോലീസില്‍ ആളുകളെ എടുക്കുന്നത്. ഇതില്‍ മാറ്റം വരണം. ജനങ്ങളോടുള്ള ഇടപെടല്‍, സമീപനം എന്നിവ മാറ്റിയെടുക്കണം. ഇതിന് വേണ്ട പരിശീലനം നല്‍കണം. ഗുജറാത്തില്‍ ഇവ പഠിപ്പിക്കുന്നതിന് പോലീസ് യൂണിവേഴ്സിറ്റിയുണ്ട്. പ്ലസ് ടു മുതല്‍ ഇവിടെ പരിശീലനത്തിന് ചേരാം. പോലീസ് പരീക്ഷയില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന കൊടുക്കുമെന്നും അഹമ്മദാബാദില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഖിക്ക് മറുപടിയായി മോദി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ വികാസം സാധാരണക്കാരായ വീട്ടമ്മമാരിലെത്തിക്കണം. അടുക്കളയിലെ കഷ്ടപ്പാടുകളെ സാധൂകരിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസരംഗത്ത് സ്ത്രീകളുടെ വലിയ മുന്നേറ്റമുണ്ട്. ഇത് ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കണമെന്നും മോദി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1500 വേദികളില്‍ നിന്നും വനിതകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജപ്പാന്, ജര്‍മ്മനി, യുഎസ്എ, ഉഗാണ്ട തുടങ്ങി മുപ്പതോളം വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ 35 ഓളം ചായക്കടകളും ചര്‍ച്ചയ്ക്ക് വേദിയായി.
തിരുവനന്തപുരത്ത് മിത്രാനന്തപുരം ബാലാജി ഫോര്‍ട്ട് ടീ സ്റ്റാളാണ് വേദിയായത്. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, സെക്രട്ടറി വി. ശിവന്‍കുട്ടി, മഹിളാ മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വിക്ടോറിയ ഗൗരി, ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, ജനറല്‍ സെക്രട്ടറി ഹേമലത എന്നിവരും സംബന്ധിച്ചു. കഴക്കൂട്ടത്തെ ന്യൂ മഹാദേവാ ഹോട്ടലും ചര്‍ച്ചയ്ക്ക് വേദിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: