കൊച്ചി: വേദനയും ദുരിതവും നിഴലിച്ച കണ്ണുകളില്‍ ശനിയാഴ്ച ആശ്വാസത്തിന്റെ തിളക്കമായിരുന്നു കണ്ടത്. ജനറല്‍ ആശുപത്രി ഓങ്കോളജി വിഭാഗത്തിലെത്തിയ ഒരു സംഘം കലാകാരിമാര്‍ സ്ത്രീകളായ രോഗികളുടെ ചിത്രങ്ങള്‍ കടലാസില്‍ വരച്ചപ്പോള്‍ ആശുപത്രി അങ്കണം ഒരു കലാകേന്ദ്രമായി മാറുകയായിരുന്നു.
ചിത്രകാരികള്‍ക്കു മുന്നില്‍ മോഡലുകളായി നിരന്നപ്പോള്‍ വേദനകള്‍ മറന്ന് സ്ത്രീരോഗികള്‍ പുതിയൊരു ലോകത്തേക്കു സഞ്ചരിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് ആര്‍ട്സ് ആന്‍ഡ് മെഡിസിന് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പി.എസ്.ജലജയുടെ നേതൃത്വത്തിലെത്തിയ ഏഴുപേരടങ്ങിയ സംഘം ഓങ്കോളജി വാര്‍ഡില്‍ മണിക്കൂറുകളോളം ചെലവഴിച്ചശേഷമാണ് രോഗികളായ സ്ത്രീകളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാനാരംഭിച്ചത്. രോഗികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരം പരിപാടികള്‍ തുടര്‍ച്ചയായി നടത്തേണ്ടത് ആവശ്യമാണെന്നും ജലജ പറഞ്ഞു. പി.എസ്.ജയ, ചിത്ര ഇ.ജി, കാജള്‍, അനുപമ, സുരജ കെ.എസ്, മോന എസ് മോഹന്‍ എന്നിവരാണ് ജലജയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്.
പലതരത്തിലുള്ള രോഗങ്ങളനുഭവിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം വനിതാദിനം ആഘോഷിക്കുന്നതിനാണ് ശനിയാഴ്ച പരിപാടി നടത്തിയതെന്നും ബിനാലെ ഫൗണ്ടേഷന് റിസര്‍ച്ച് കോഓര്‍ഡിനേറ്റര്‍ ബോണി തോമസ് പറഞ്ഞു. സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു. ദേശീയ ഗ്രാമീണോരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ കെ.വി.ബീന, ആശുപത്രി സൂപ്രണ്ട് പി.ജി.ആനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രശസ്ത ഓസ്ട്രേലിയന്‍ കലാകാരന് ഡാനിയല്‍ കോണല്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിന് പരിപാടിയുടെ ഭാഗമായി വരച്ച രേഖാചിത്രങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് 12ന് ജനറല്‍ ആശുപത്രി പരിസരത്ത് ബിനാലെ ഫൗണ്ടേഷന് നടത്തുന്നുണ്ട്. അന്നുതന്നെ പ്രശസ്ത സംഗീത സംവിധായകന് ബിജിബാല്‍ പരിപാടിയുടെ ഭാഗമായി ആശുപത്രി പരിസരത്ത് ഗാനങ്ങള്‍ ആലപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: