ആചുവന്ന വളകള്‍…
ചുവന്ന ആ വളകള്‍ ഞാന്‍ ആദ്യം കണ്ടത് ഭാഗ്യലക്ഷ്മിയുടെ കൈകളിലാണ്.
പി ജി ഹോസ്റ്റലില്‍ എന്റെ പക്കത്തു റൂമുകാരി നീണ്ട കരിമിഴി കളുള്ള ഭാഗ്യലക്ഷ്മി.
അവളോട് ഞാന്‍ ചോദിച്ചു.
ഇത് പോലൊരെണ്ണം എനിക്ക് വാങ്ങി തരാമോ…. ഭാഗ്യം?
‘ലക്ഷ്മിയക്കാ… ഇതു തിരുമണത്തുക്ക് അപ്പുറം മട്ടുംതാന്‍ പോടണും.’
എങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള് എനിക്ക് ഒരെണ്ണം വാങ്ങി തന്നു.
‘ഇങ്കെ മട്ടും പോടാതിങ്കോ, ഊരുക്ക് കിളംബിയതുക്കപ്പുറം പോടുങ്കോ,യാരാവത് ഏതാവത് സോല്ലുവാങ്കെ’.
അവളെ സമാധാനിപ്പിക്കാനൊരു രഹസ്യം പോലെ ഞാന്‍ പറഞ്ഞു.
എന്റെ പൊന്നു ഭാഗ്യം, ഇന്ത ലക്ഷ്മിയക്കാവുടെ കല്യാണം മുടിഞ്ചാച്ച്.
‘എപ്പോ?… നീങ്ക സൊല്ലവേ ഇല്ലിയെ?’അവള്‍ക്ക് അത്ഭുതം,
‘ലവ് മാര്യേജ്’………ഞാന്‍ നാണത്തോടെ പറഞ്ഞു.
ആള്‍ടെ പേര് ഹരി മേനോന്, ആര്‍മിയില്‍ മേജറാണ്.
‘ഉങ്കളെ പാക്കറുതുക്ക് വരവേ ഇല്ലിയെ?’ അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു.
‘എപ്പടി വരമുടിയും, ആര്‍മിയില്‍ താനേ, ലീവ് കിടയ്ക്കാത്, ഭാഗ്യം’.
അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞ ഒരു കൊച്ചു ‘പൊയ്യ്’.
ആ ‘പൊയ്യ്’ അങ്ങനെ മനസില്‍ കൂടി.
പിന്നീട്…
പിന്നീടു നാട്ടിലേക്കുള്ള ഒരു മടക്കയാത്രയില്‍ ആ സുമംഗലി വള അടുത്ത സീറ്റിലിരുന്ന തമിഴ് സ്ത്രീയുടെ സുന്ദരിയായ കുറുമ്പി കുട്ടിക്ക് കളിക്കാന്‍ കൊടുത്തതാണ്, കുഞ്ഞ് മിഴിചിമ്മാതെ ആ വളകള്‍ നോക്കിയിരിക്കുന്നത് ഒട്ടൊരു കൗതുകത്തോടെ ഞാന്‍ കണ്ടിരുന്നു. ജനാലക്കപ്പുറം വരണ്ട പാലക്കാടന്‍ പൊടിക്കാറ്റ് അവളുടെ ചുരുണ്ട കുഞ്ഞ് മുടിയിഴകള്‍ മെല്ലെ തഴുകുന്നു. തീര്‍ത്തൂം എതിര് ദിശകളില്‍ വീടുള്ളവര്‍ നമ്മള് ഇനി കാണുമോ കുട്ടി. എന്റെ ലക്ഷ്യം അടുത്തിരിക്കുന്നു. വീടെത്താറായി. അമ്മ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുമല്ലോ. വള തിരികെ വാങ്ങിയപ്പോള്‍ അവളുടെ വല്യ കണ്ണുകളില്‍ നീര് പൊഴിഞ്ഞു. സങ്കടമായോ എന്റെ കുട്ടി.
അവള്‍ക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞു. വല്ലാത്തൊരു ആത്മബന്ധം തോന്നിപ്പിക്കുന്ന കുട്ടി. മുജന്മത്തില്‍ എന്റെ മകള്ആയിരുന്നിരിക്കാം. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി. സീതക്കുട്ടിക്ക് ഇരിക്കട്ടെ ‘ഭാഗ്യം’ തന്ന എന്റെ സുമംഗലി വള. സൂക്ഷിച്ചു വെക്കണം കേട്ടോ, ഇനി കാണുമ്പോള്‍ ഞാന്‍ ചോദിക്കും. സീതയുടെ അമ്മ ചിരിച്ചു.
പാക്കലാം.
വര്‍ഷങ്ങള്‍ക്ക് ശേഷം…
ഭാഗവത യജ്ഞവേദിയില്‍ രുക്മിണീ സ്വയംവരം. നേര്ച്ചപ്പുടവ സമര്‍പ്പിക്കാന്‍ വന്നതാണ്.
വിവാഹതടസം മാറുമത്രേ, ദീര്ഘസുമംഗലിയാകുമത്രേ. ചുവന്ന തീ നാളം പോലത്തെ പട്ടുപുടവ. ആചാര്യന് നാരായണനാമം ഉരുക്കഴിക്കവേ സര്‍വം കൃഷ്ണനിലര്പ്പിച്ചു. മനസാല്‍ നിനക്കൊരു ഒരു തുളസിമാല ചാര്‍ത്തി സുമംഗലിയായി. ‘സര്‍വം കൃഷ്ണാര്‍പ്പണ മസ്തു’.
മനസ്സിലെവിടെയോ ഒരു പുഷ്പ്പവൃഷ്ടി.
‘മംഗല്യം തന്തുനാനേന മമജീവന ഹേതുനാ
കാന്തേ: ബദ്ധ്മാനി ശുഭഗേല് സഞ്ജീവ ശരദശ്ശതം’
പിന്നെയെപ്പോഴോ ഈസ്റ്റ് ഫോര്‍ട്ടിലെ മുരുകന് ക്ഷേത്രത്തില്‍ പോയപ്പോഴാണ് വീണ്ടും സുമംഗലി വള കാണുന്നത്. വെളുത്തു സുന്ദരിയായ ഒരു പട്ടത്തി മാമിയുടെ കയ്യില്‍. തിരികെ വരുന്ന വഴി ജ്വല്ലറികളില്അന്വേഷിച്ചു. സുമംഗലി വള എല്ലായിടത്തും സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. അവസാനം തേടി പിടിച്ചു ഒന്ന് ഒപ്പിച്ചു. കടയുടമ പട്ടരുടെ വക ചോദ്യം ചെയ്യല്‍. കഴുത്തില്‍ കരിമണി മാല മാത്രം കണ്ടിട്ടാവണം.
‘കഴുത്തില്‍ താലിയെങ്കെ അമ്മാ ?, നമ്മ സമുദായത്തുക്ക് ഫാഷന്‍ ജ്വരം
താലി മട്ടും കളുട്ടി പോട്ടുട്ടിങ്കോ, താലിയില്ലാമല് ഇറുക്കകൂടാത് ‘
‘ഞാന്‍ പട്ടത്തിയല്ല മാമാ, ഒരു നായര്‍ സ്ത്രീയാണ് താലിയില്ലാത്ത കുട്ടിയാ ‘
ചിരിച്ചു കൊണ്ട് വളയിടുമ്പോള് ഞാന്‍ താലിയില്ലാത്ത സുമംഗലിയായി.
ഇന്നലെ.,
വീണ്ടും ആ ‘പൊയ്യ്’ ഒന്ന് കൂടെ പറയേണ്ടി വന്നു. തികഞ്ഞ അരക്ഷിതാവസ്ഥ.
നിന്റെ പേര് ചേര്‍ത്തുണ്ടാകിയ സുരക്ഷിതത്വം എന്തോ ഒരു സുഖമുണ്ട് അതിന്
ആരുടെയോ വഷളന്‍ വാക്കുകളില്‍ നിന്ന്, നോട്ടത്തില്‍ നിന്നു. സുരക്ഷിതത്വം.
സുമംഗലി വളയുടെ ചുവപ്പ് കണ്ണിലേക്കും മനസിലേക്കും പടര്‍ന്ന് കയറാതെ
ഞാന്കണ്ണുകള് അടച്ചു .
അസ്തിത്വം , ‘പൊയ്യ്’, വള ,സുരക്ഷിതത്വം, പട്ടാള ക്യാമ്പ്, ആര്യപുത്രന്,
അര്‍ഥം ഉള്ള ഒരുപാട് സ്വപ്നങ്ങള്‍;അര്‍ഥം ഇല്ലാത്തതും.
പാര്‍വതീ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: