കളമശ്ശേരി: ദി ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സി(ടിസിസി)ന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം. ഉപ്പ് അസംസ്കൃത വസ്തുവായി ഉപയോഗിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക സംസ്ഥാന പൊതുമേഖല വ്യവസായശാലയായ ടിസിസിയുടെ 20ഏക്കര്‍ വരുന്ന ഭൂമി റിലയന്‍സിന് നല്‍കാനാണ് ശ്രമം നടക്കുന്നത്. മുസ്ലീംലീഗും വ്യവസായവകുപ്പുമാണ് ഇതിന് പിന്നില്‍. കെഎസ്ഇബിയാണ് ഇടനിലക്കാരായി നില്‍ക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ഥിരം വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ രഹസ്യ അജണ്ടയാണിത്.
വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ചെലവ് കുറഞ്ഞ ഇന്ധനമായ നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ബോര്‍ഡും 1997ല്‍ തീരുമാനിച്ചിരുന്നു. അതിന് മുംബൈയില്‍നിന്ന് ബോംബെ സബര്‍മന്‍ ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷനെ (ബിഎസ്ഇഎസ്) ഇവിടെ കൊണ്ടുവന്നു. ബോര്‍ഡിന്റെ അപേക്ഷപ്രകാരം വ്യവസായവകുപ്പ് ടിസിസിയുടെ സ്ഥലം നല്കാന് തീരുമാനിച്ചു. അവരുടെ ക്വാര്‍ട്ടേഴ്സിന് ചേര്‍ന്ന 20 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്കാന് 17 കൊല്ലം മുമ്പ് തീരുമാനിച്ചു. ടിസിസി സെന്റിന് ഏഴ് ലക്ഷം രൂപ നിരക്കില്‍ 20 ഏക്കറിന് 140 കോടി രൂപ വില നിശ്ചയിച്ചു. ഇതിന്റെ 10 ശതമാനം പാട്ടമായി വര്‍ഷത്തില്‍ 14 കോടി രൂപയ്ക്ക് എന്ന കരാര്‍ വ്യവസായവകുപ്പിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ എഗ്രിമെന്റ് തയ്യാറായപ്പോള്‍ സെന്റിന് 35,000 രൂപവെച്ച് സര്‍ക്കാര്‍ വാടക നിശ്ചയിച്ചു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ 50 ശതമാനം വര്‍ധനയും എഗ്രിമെന്റില്‍ പറഞ്ഞു. 15 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു. അങ്ങനെ ബിഎസ്ഇഎസ് 157 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള വൈദ്യുതി കമ്പനിയും സ്ഥാപിച്ചു.
ഇതിനിടയില്‍ ഈ കമ്പനി റിലയന്‍സ് സ്വന്തമാക്കി. നാഫ്തയ്ക്ക് ഭീമമായ വിലവര്‍ധനവും വന്നു. ആനുപാതികമായി ബിഎസ്ഇഎസിന്റെ വൈദ്യുതിക്കും വില വര്‍ധിച്ചു. ആവശ്യക്കാര്‍ കുറഞ്ഞു. അവര്‍ 2012 വരെ 4022 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്‍പ്പാദിപ്പിച്ചുള്ളൂ. ഇവരുടെ കരാര്‍ 2012 മെയ് 31ന് അവസാനിച്ചു. 23 മാസമായിട്ടും പുതുക്കിയിട്ടില്ല. ബോര്‍ഡും റിലയന്‍സും ഇതിന് അനുവദിക്കുന്നില്ലെന്നാണ് ഭാഷ്യം. വൈദ്യുതി ആര് ഉല്‍പ്പാദിപ്പിച്ചാലും അവിടൊക്കെ പോയി തലയിടുന്ന ബോര്‍ഡിന് ടിസിസിയുടെ പാട്ടക്കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ല.
കാരണം വൈദ്യുതിബോര്‍ഡ് ടിസിസിയും തമ്മിലുള്ള താരിഫ് കരാര്‍ അനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിക്ക് 2.42 രൂപ നല്‍കണം. വ്യവസ്ഥയനുസരിച്ച് 2005 വരെ നല്‍കണമായിരുന്നു. എന്നാല്‍ താരിഫ് റെഗുലേറ്ററി കമ്മീഷന് ഇടപെടലനുസരിച്ച് താരിഫ് മാറി. തുടര്‍ന്ന് ടിസിസി 1.11 രൂപ അധികം നല്‍കണമെന്ന് 2001ല്‍ അറിയിപ്പ് നല്കി.
ടിസിസി ഇക്കാര്യത്തില്തന്നെ നഷ്ടത്തില്‍ കൂപ്പുകുത്തുകയാണ്. പ്രതിവര്‍ഷം വൈദ്യുതി ഇനത്തില്‍ 72 കോടി രൂപയാണ് ബോര്‍ഡിന് നല്‍കിവരുന്നത്. ബോര്‍ഡിന്റെ ഇപ്പോഴത്തെ ആവശ്യം ടിസിസിയുടെ 356 കോടി രൂപയ്ക്ക് പകരം 20 ഏക്കര്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യം. അല്ലാതെ കരാര്‍ പുതുക്കാന്‍ അവര്‍ ആവശ്യപ്പെടുന്നില്ല.
ബോര്‍ഡും വ്യവസായവകുപ്പും റിലയന്‍സും തമ്മിലുള്ള രഹസ്യധാരണയനുസരിച്ച് ഇടനില നില്ക്കുന്ന ബോര്‍ഡ് റിലയന്‍സ് കമ്പനിയായ ബിഎസ്ഇഎസിന് രജിസ്റ്റര്‍ ചെയ്തുകൊടുക്കും. കഴിഞ്ഞ രണ്ട് കൊല്ലമായി തര്‍ക്കം തുടരുകയാണ്. കമ്പോള വിലയ്ക്ക് അനുസൃതമായി പാട്ടക്കരാര്‍ പുതുക്കിയാല്‍ എല്ലാ വിഷയവും തീരും. പക്ഷേ ബോര്‍ഡും വ്യവസായ വകുപ്പും ടിസിസിയെ വഞ്ചിക്കുകയാണ്.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: