കൊച്ചി: തെരഞ്ഞെടുപ്പില്‍ ജനങ്ങളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന എല്ലാ ഫ്ലക്സുകളും ബോര്‍ഡുകളും പൊതുസ്ഥലത്തു നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ (മാര്‍ച്ച് 9) നീക്കം ചെയ്യണമെന്ന് ജില്ല തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലാണ് കളക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.
പെരുമാറ്റച്ചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങും. സ്ക്വാഡുകള്‍ ഫ്ലക്സുകളും ബോര്‍ഡുകളും നീക്കം ചെയ്യേണ്ടി വന്നാല്‍ അതിനുള്ള ചെലവുകള്‍ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നീടാക്കും. ഈ നിയമം സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബാധകമാണ്. പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഒരു പ്രചരണമാധ്യമങ്ങളോ ചുവരെഴുത്തുകളോ പാടില്ല.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഷ്ട്രീയപാര്‍ട്ടികള്‍ മാര്‍ച്ച് അഞ്ചിനു മുമ്പ് പൊതുസ്ഥലങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കും. സ്വകാര്യവ്യക്തികളുടെ സ്ഥലമോ മതിലുകളോ കെട്ടിടങ്ങളോ ഇക്കാര്യത്തിന് ഉപയോഗിക്കുന്നവര്‍ ഉടമകളുടെ മുന്‍കൂര്‍ അനുവാദം രേഖാമൂലം വാങ്ങിയിരിക്കണം. അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. മൈക്കുകളുടെ ഉപയോഗം, ജാഥ സംഘടിപ്പിക്കല്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയ്ക്ക് മൂന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക സ്പര്‍ദ്ധയോ വ്യക്തിവിരോധമോ വളര്‍ത്തുന്നതും സാമൂഹിക സന്തുലനാവസ്ഥയെ ബാധിക്കുന്നതുമായ ഒരു പരാമര്‍ശങ്ങളും പ്രചരണത്തില്‍ പാടില്ല. പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളുടെ ഓഫീസുകളോ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസുകളോ പാടില്ല. കൊടിയടയാളമോ ചിഹ്നമോ ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ വാഹനങ്ങളും തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍പ്പെടും. പ്രചരണം അവസാനിച്ചതിനുശേഷം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുത്.
സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വാഹനങ്ങളിലോ അല്ലാതെയോ കൂട്ടം ചേരുന്നത് തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. എല്ലാ സര്‍ക്കാര്‍ വക കെട്ടിടങ്ങളും സ്ഥലങ്ങളും സ്വകാര്യമോ അല്ലാത്തതോ ആയ സ്കൂളൂകള്‍, കോളേജുകള്‍ എന്നിവയും പൊതുസ്ഥലങ്ങളില്പ്പെടും. ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും പൊതുസ്ഥലമായി പരിഗണിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: