തിരുവനന്തപുരം:”നീതിക്കായി ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ എങ്ങുനിന്നും നീതി ലഭിക്കില്ല, സര്‍ക്കാരില്‍ നിന്നുപോലും…” അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സംഘടിപ്പിച്ച ശില്പശാലയില് മുഖ്യാതിഥിയായിസംസാരിക്കുകയായിരുന്നു ബന്‍വാരി.സ്വന്തം ജീവിതാനുഭവങ്ങളാണ് ബന്‍വാരി ദേവിയെക്കൊണ്ട് ഇത്തരത്തില്‍ പറയിക്കുന്നത്.
സ്ത്രീകള്‍ എല്ലായിടത്തും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വിവാഹത്തിന് എതിരെ വീട്ടുകാരെ ബോധവത്ക്കരിച്ചതിന് 1992 ല്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു ബന്‍വാരി. ലോക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സി.ബി.ഐയെ അന്വേഷണം ഏല്‍പ്പിച്ചെങ്കിലും കേസിന്റെ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കിയത് ഒരു വര്‍ഷത്തിന് ശേഷമാണ്. ഇപ്പോഴും കേസ് രാജസ്ഥാന് ഹൈക്കോടതിയിലാണ്. രാജസ്ഥാനില്‍ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ നല്കി. എന്നാല്‍ വിദ്യാലയങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സ്ത്രീകള്‍ ധൈര്യം കാത്ത് സൂക്ഷിക്കണം, ബന്‍വാരി ദേവി പറഞ്ഞു.
പീഡനത്തെ കുറിച്ച് പരാതി ലഭിച്ചുകഴിഞ്ഞാല്‍ അന്വേഷണത്തിന് മുമ്പ് തര്‍ക്ക പരിഹാരം വേണമെന്ന സമ്പ്രദായം ശരിയല്ലെന്ന് ബന്‍വാരിയുടെ അഡ്വക്കേറ്റായ കവിത ശ്രീവാസ്തവ പറഞ്ഞു. 2013ല്‍ ജോലിസ്ഥലങ്ങളില്‍ സ്്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി വന്ന നിയമത്തിലാണ് ഇക്കാര്യമുള്ളത്. ബന്വാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളില്‍ രണ്ടു പേര് മരിച്ചു. അവരെ ദൈവം ശിക്ഷിച്ചു. എന്നാല്‍ കോടതി ഇവരെ ഇനിയും ശിക്ഷിച്ചില്ല. 1987 മുതലുള്ള 1100 അപ്പീലുകളാണ് രാജസ്ഥാന് ഹൈക്കോടതിയില്‍ പരിഹാരമാകാതെ കിടക്കുന്നതെന്നും അവര്‍ പറഞ്ഞു.
ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം കോ ബാങ്ക് ടവറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ കവയിത്രി സുഗതകുമാരി സ്ത്രീ ശാക്തീകരണ മാര്‍ഗരേഖ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന് കൈമാറി. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ശില്പശാല. ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍, മുന്‍ മന്തി പി.കെ. ശ്രീമതി , സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സു, മാനേജിങ് ഡയറക്ടര്‍ പി.ടി.എം. സുനീഷ്, മേയര്‍ കെ. ചന്ദ്രിക, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ മേരി ദൊറോത്തി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: