ആലപ്പുഴ: രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹിക സുരക്ഷിതത്വ പദ്ധതിയായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് സ്കീമിനെ ദുര്‍ബലപ്പെടുത്താനുള്ള സിഐടിയു നീക്കം ഉപേക്ഷിക്കണമെന്ന് ഇഎസ്ഐ കോര്‍പറേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പറും ബിഎംഎസ് സംസ്ഥാന ഖജാന്‍ജിയുമായ വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
സെപ്തംബറില്‍ കൂടിയ ഇഎസ്ഐ കോര്‍പറേഷന്റെ യോഗത്തിലാണ് ഇഎസ്ഐ പരിരക്ഷ ലഭിക്കുന്നതിന് ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ശമ്പള പരിധി 10,000ല്‍ നിന്ന് 15,000 ആയി ഉയര്‍ത്തിയത്. ഇഎസ്ഐ കോര്‍പറേഷന്റെ സ്റ്റാ. കമ്മറ്റിയുടെ പഠന റിപ്പോര്‍ട്ടിന്റെ നിര്‍ദേശം അനുസരിച്ചാണ് പരിധി കൂട്ടുന്നതിനുള്ള നിര്‍ദേശം വന്നത്. ഈ തീരുമാനം നടപ്പാക്കുമ്പോള്‍ 42 ലക്ഷം തൊഴിലാളികള്‍ക്കും ഒന്നരക്കോടി ഗുണഭോക്താക്കള്‍ക്കും ഇഎസ്ഐ പരിരക്ഷ ലഭ്യമാകും. പ്രതിവര്‍ഷ വരുമാനത്തില്‍ 4,200 കോടി രൂപയുടെ വര്‍ധന വരും.
എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായാണ് പരിധി 25,000 ആയി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇഎസ്ഐ കോര്പറേഷന് ബോര്‍ഡില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, യുടിയുസി, സിഐടിയു സംഘടനകളുടെ 10 പ്രതിനിധികളാണ് ഉള്ളത്. എന്നാല്‍ സിഐടിയു തീരുമാനത്തെ എതിര്‍ത്തു. വിയോജിപ്പ് രേഖാമൂലം നല്കി. തൊഴിലുടമാ പക്ഷത്തേക്ക് ചേര്‍ന്നു. ഇത് തൊഴിലാളികളോടുള്ള അനീതിയാണ്.
തീരുമാനമെടുത്ത് ആറുമാസം കഴിഞ്ഞിട്ടും നടപ്പിലാകാത്തത് തൊഴിലുടമാ സംഘടനകളും സിഐടിയുവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഗൂഢാലോചനയാണ്. സംസ്ഥാന സര്‍ക്കാരിന് ഹോസ്പിറ്റലുകളും ഡിസ്പന്‍സറികളും നടത്താന്‍ കഴിയില്ലെങ്കില്‍ ഇഎസ്ഐ കോര്പറേഷന് കൈമാറുകയാണെങ്കില്‍ നല്ല രീതിയില്‍ നടത്തുവാന്‍ കഴിയും. അതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. വിവിധ തൊഴില്‍ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും ഇഎസ്ഐ പദ്ധതി നടപ്പാക്കുന്നതിന് യാതൊരുവിധ നടപടിയും എടുക്കുന്നില്ല.
കേരളത്തിലെ രണ്ടര ലക്ഷത്തോളം ചുമട്ടു തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയ അവസരത്തില്‍ സിഐടിയു അതിനെ എതിര്‍ക്കുകയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. ചുമട്ടു തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ഇഎസ്ഐ പദ്ധതി സിഐടിയു അട്ടിമറിക്കുകയാണ്.
ഇഎസ്ഐ പരിധി 25,000 രൂപയാക്കിയത് ഉടന്‍ നടപ്പാക്കുക, എല്ലാവിഭാഗം തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷിതത്വ പദ്ധതികളുടെ പരിരക്ഷ ലഭ്യമാക്കുക, എല്ലാവര്ക്കും സ്റ്റാറ്റ്യൂട്ടറി പെന്ഷന് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് 10, 11, 12 തീയതികളില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി അവകാശദിനമായി ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: