ആറന്മുള: പ്രകൃതിയെ നശിപ്പിക്കുന്ന നാം ഭാവിയില്‍ അതിന്മേലുണ്ടാകുന്ന വിനാശത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്ന് മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആറന്മുളയിലെ പരിസ്ഥിതി പൈതൃകമായി സംരക്ഷിക്കേണ്ട പ്രദേശമാണ്. നിയമങ്ങള്‍ ഇല്ലാത്തതല്ല ഇന്നത്തെ പ്രശ്നങ്ങള്‍, അതുവേണ്ടപോലെ നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ലായ്മയാണ് പ്രശ്നം. ആയിരക്കണക്കിനു പരിസ്ഥിതി പ്രവര്‍ത്തകരുമായും കര്‍ഷകരുമായും പൊതുജനങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്ത് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുത്തി പാസ്സാക്കിയ നിയമമാണ് 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം. ആ നിയമം ഇന്ന് ലംഘിച്ച് വിമാനത്താവളം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ മുഴുവന്‍ തകര്‍ക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്.കെ.പി. രാജേന്ദ്രന് തുടര്‍ന്നു.
ജൈവ കര്‍ഷകസമിതി സംസ്ഥാന പ്രസിഡന്റ് ബ്രഹ്മദത്തന് നമ്പൂതിരി, സിപിഐ ജില്ലാ അസി. സെക്രട്ടറി എം.വി. വിദ്യാധരന്, ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് പി.എന്‍. ബാലകൃഷ്ണന് മാസ്റ്റര്‍, കെ.ജെ. ഹരികുമാര്‍, ഇല്ലിയാസ്, എന്‍. ശ്രീജിത്ത്, അഡ്വ. എ.എം. അജി, ജേക്കബ് ജി മാമ്മന്‍, ഭേഷകം പ്രസന്നകുമാര്‍, എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഇന്ദുചൂഡന് സ്വാഗതം പറഞ്ഞു.
സത്യാഗ്രഹത്തിന്റെ ഇരുപത്തിയാറാം ദിവസമായ ഇന്ന് ക്ഷേത്ര ഉപദേശക സംയുക്തസമിതി പ്രസിഡന്റ് എ. ജി. ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ്, റ്റി.പി. കുഞ്ഞുമോന്, പൈതൃകഗ്രാമകര്‍മ്മ സമിതി തെക്കേക്കര ഭരണിക്കാവ് പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പൊന്‍കുന്നം താലൂക്കിലെ പ്രവര്‍ത്തകര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംയുക്ത ഉപദേശകസമിതി പ്രവര്‍ത്തകര്‍, പുല്ലാട് ശിവപാര്‍വ്വതി ബാലികാ സദനത്തിലെ കുട്ടികള്‍ എന്നിവര്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: