കൊല്ലം: കെ. സി. രാമചന്ദ്രനെതിരായ സിപിഎം നടപടി നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ഇത്തരം വെളിപാടുകള്‍ ആരെ വെളുപ്പിക്കാനാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ പേരിലല്ല പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സിപിഎം വാദം. പാര്‍ട്ടി കോടതികള്‍ കാലഹരണപ്പെട്ടതാണ്. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ അംഗീകരിച്ചുകൊള്ളാം എന്ന് സത്യവാങ്മൂലം നല്കി അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയായി തുടരുന്ന സിപിഎമ്മിന്റേത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.
കെ.സി.രാമചന്ദ്രനു വേണ്ടി കോടതിവിധി വന്നതിനു ശേഷം അപ്പീല്‍ പോയ പാര്‍ട്ടിയാണ് സിപിഎം. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന് ജയിലില്‍ പോയി സന്ദര്‍ശിച്ച പട്ടികയിലും രാമചന്ദ്രന്റെ പേരുണ്ട്. പിന്നെങ്ങനെയാണ് പൊടുന്നനെ അയാള്‍ കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടുപിടിച്ചത്. ഇത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. രാമചന്ദ്രന് കുറ്റസമ്മതം നടത്തിയെന്നാണ് പറയുന്നത്. ആ കുറ്റസമ്മത മൊഴി എവിടെയെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ആരോട്, എവിടെ വച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് വെളിപ്പെടുത്തണം. സിപിഎം നടത്തിയെന്ന് പറയുന്ന അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതില്‍ ദാരിദ്ര്യം നേരിടുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: