പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോള്‍ ആറ്റിങ്ങലില്‍ ചരിത്രം തിരുത്തപ്പെടുമോ എന്ന ചോദ്യമാണുയരുന്നത്. 2009 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം കോണ്‍ഗ്രസ് കാറ്റ് വീശിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ സിപിഎമ്മിന് മുഖം രക്ഷിക്കാനായ മണ്ഡലമാണ് ആറ്റിങ്ങല്‍. 18341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രൊഫ.ജി.ബാലചന്ദ്രനെ പരാജയപ്പെടുത്തിയ അഡ്വ.എ.സമ്പത്ത് തന്നെയാണ് ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥി. അഞ്ചുവര്‍ഷത്തെ തന്റെ പ്രവര്ത്തനേട്ടങ്ങള് വിജയം സുനിശ്ചിതമാക്കുമെന്ന പ്രതീക്ഷയിലാണ് സമ്പത്ത്.
തന്റെ മെച്ചപ്പെട്ട പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമ്പത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എംപി ഫണ്ട് ഏറ്റവും കൂടുതല്‍ ചെലവഴിക്കാനും പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും മെച്ചപ്പെട്ട ഹാജര്നിലവാരം പുലര്‍ത്താനായെന്നും സമ്പത്ത് അവകാശപ്പെടുന്നു. പ്രേംനസീറിന് ചിറയിന്‍കീഴില്‍ സ്മാരക ഓഡിറ്റോറിയം, 10 കേന്ദ്രങ്ങളില്‍ എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, പൊതുസ്റ്റേഡിയങ്ങള്, പബ്ലിക് പാര്‍ക്കുകള്‍, കുടിവെള്ള പദ്ധതികള്‍, ഒപി ബ്ലോക്കുകള്‍ എന്നിവ പ്രവര്‍ത്തന നേട്ടമായി സമ്പത്ത് വിലയിരുത്തുന്നു. വര്‍ക്കല റെയില്‍വേ ബുക്കിംഗ് ഓഫീസ്, ആറ് റെയില്‍വേ മേല്‍പ്പാലങ്ങള്‍, വിതുരയില്‍ ഐസര്‍ യൂണിറ്റ്, ഇഗ്നോ യൂണിവേഴ്സിറ്റി ക്യാംപസ്, നെടുമങ്ങാട് വലിയമലയില്‍ ഐഐഎസ്ടി പഠനകേന്ദ്രത്തിന് 270 കോടി രൂപയുടെ പദ്ധതി, കിളിമാനൂര്‍ ഇസിഎച്ച് ആശുപത്രി, നാവായിക്കുളം ഇഎസ്ഐ ആശുപത്രി, ആറ്റിങ്ങല്‍ കമ്യൂണിറ്റി പോളിടെക്നിക്കിന് കേന്ദ്രസഹായം, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കൊല്ലം പുഴ തീരദേശ കായല്‍ ടൂറിസം, ചിറയിന്‍കീഴ് പുളിമൂട്ടില്‍കടവ് തീരദശം ടൂറിസം, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം നവീകരണം എന്നിവയാണ് വികസന നേട്ടങ്ങളില്‍ സമ്പത്ത് എടുത്തുപറയുന്നത്.
എന്നാല്‍ എംപിയെന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി സമ്പത്ത് യാതൊന്നും നടപ്പാക്കിയിട്ടില്ലെന്ന് 2009 ലെ ബിജെപി സ്ഥാനാര്‍ത്ഥിയായ തോട്ടയ്ക്കാട് ശശി പറയുന്നു. പരമ്പരാഗത തൊഴിലാളികള്‍ക്കുവേണ്ടി യാതൊരു പദ്ധതിയും നടപ്പാക്കാന്‍ സമ്പത്തിനായില്ല. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കയര്‍മേഖല പൂര്‍ണമായും സ്തംഭിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനമുള്ള വര്‍ക്കലയുടെ വികസനത്തിനായിപ്പോലും എംപി ചെറുവിരല്‍ അനക്കിയിട്ടില്ല. കേന്ദ്രപദ്ധതിയില്‍പ്പെടുത്തി സ്വന്തം പരിശ്രമംകൊണ്ട് ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ല. എംപി ഫണ്ട് ഉപയോഗിച്ച് ചെറിയ പാര്‍ക്കുകളും കമ്പ്യൂട്ടര്‍ സെന്ററുകള്‍ നിര്‍മ്മിച്ചിട്ടുള്ള ചെപ്പടിവിദ്യയാണ് സമ്പത്ത് കാട്ടിയത്. തൊഴില്‍ സംരഭങ്ങള്‍ക്കുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും പ്രവാസികളുടെ പുനരധിവാസവും തൊഴില്‍ സാധ്യതയും ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കിയില്ല. കേന്ദ്രസഹായത്തോടുകൂടി നടപ്പാക്കുന്ന മുതലപ്പൊഴി ഹാര്‍ബറിന്റെ വികസനം ഒരിഞ്ചു മുന്നോട്ടുകൊണ്ടുപോകാനായില്ല. ആറ്റിങ്ങല്‍ ബൈപ്പാസ്, കോവളം-വര്‍ക്കല തീരദേശ ഹൈവേ തുടങ്ങിയവ വെറും പ്രഖ്യാപനങ്ങളായി മാറി. എംപി ഫണ്ട് വിനിയോഗിച്ചുവെന്നതാണ് നേട്ടമായി പറയുന്നതെങ്കില്‍ ആദ്യ രണ്ടുവര്‍ഷം എംപി ഫണ്ട് ലാപ്സാക്കുകയാണ് സമ്പത്ത് ചെയ്തതെന്നും തോട്ടയ്ക്കാട് ശശി ചൂണ്ടിക്കാട്ടുന്നു.ചെറിയ കെട്ടിങ്ങള്‍ കെട്ടി അതിന്റെ ഫലകത്തില്‍ സ്വന്തം പേരെഴുതിവച്ചതല്ലാതെ യാതൊരു വികസനവും സമ്പത്ത് നടത്തിയിട്ടില്ലെന്നാണ് 2009 ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ കയര്‍ബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫ.ജി.ബാലചന്ദ്രന്റെ പക്ഷം. എംഎല്‍എമാരുടെ ഫണ്ട് വഴിയുള്ള വികസനമല്ലാതെ യാതൊരു വികസനവും മണ്ഡലത്തില്‍ നടത്തിയില്ല. നെടുമങ്ങാട് മാര്‍ക്കറ്റിന്റെ വികസനം, ആറ്റിങ്ങല്‍ ബൈപ്പാസ്, തീരദേശഹൈവേ എന്നിവ സ്വപ്നപദ്ധതികളായി മാത്രം അവശേഷിക്കുകയാണ്. ബാലചന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: