കണ്ണൂര്‍: സെമിനാര്‍ രാഷ്ട്രീയം സിപിഎമ്മിനുതന്നെ വിനയാകുന്നു. പാര്‍ട്ടി നിയന്ത്രിക്കുന്ന വിവിധ ട്രസ്റ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അനവസരത്തിലും അനാവശ്യവുമായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്.
ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം എന്ന പേരില്‍ ‘ഇരയേയും വേട്ടക്കാരനേയും’ ഒരു വേദിയിലെത്തിച്ചുവെന്ന് അവകാശപ്പെട്ട് നടത്തിയ സെമിനാറാണ് പാര്‍ട്ടിയെ തന്നെ തിരിഞ്ഞു കുത്തുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരയും വേട്ടക്കാരനും എന്ന വ്യാജേന രണ്ട് ഗുജറാത്തികളെ കണ്ണൂരിലെത്തിച്ച് വലിയ സംഭവമാക്കി സെമിനാര്‍ സംഘടിപ്പിച്ച് സിപിഎം സ്വയം പരിഹാസ്യരാവുകയായിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കലാപത്തിന്റെ പേരില്‍ ജില്ലയിലെ സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും മുസ്ലിം മതതീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുമേ സെമിനാര്‍ വഴിവെച്ചുള്ളളുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
സിപിഎം ഗുജറാത്തിന്റെ പേരില്‍ നടത്തുന്നത് ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിഞ്ഞു. ജില്ലയില്‍ മാത്രം എതിര് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച നൂറു കണക്കിന് പേരുടെ ജീവനെടുത്ത പാര്‍ട്ടി, വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദൂരത്തെ അന്യദേശത്തു നടന്ന കലാപത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടത്തുന്ന പരിപാടിവഴി സാധാരണക്കാരുടെ വിമര്‍ശനത്തിനു വിധേയമാകുകയായിരുന്നു.
യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതും ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതും തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ച് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് ആസൂത്രിത കലാപത്തിന് ശ്രമിച്ചതും തളിപ്പറമ്പ് അരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിക്കോടതിയില്‍ വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ സംസാര വിഷയമാക്കാനേ സെമിനാര്‍ സഹായിച്ചുള്ളുവെന്നാണ് ആക്ഷേപം.
തളിപ്പറമ്പില്‍ വര്‍ഗ്ഗീയ വികാരം ഉണര്‍ത്തിവിട്ട് സെമിനാര്‍ നടത്തി മണിക്കൂറുകള്ക്കുളളില്ത്തന്നെ, സിപിഎം വിചാരണ നടത്തി വധിച്ച ശുക്കൂറിന്റെ ഉമ്മ ആത്തിക്ക, ഗുജറാത്ത് കലാപത്തിന്റെ ഇരയെന്നവകാശപ്പെടുന്ന കുത്തബ്ദീന്‍ അന്‍സാരിയെ കണ്ട് നല്കിയ കത്ത് സിപിഎമ്മിന് കനത്ത പ്രഹരമായി.
സിപിഎം പരിപാടിയില്‍ പങ്കെടുത്തായിരുന്നു കത്തു കൈമാറിയത്. കത്തില്‍ ഇങ്ങനെ പറയുന്നു, “ഗുജറാത്ത് കലാപത്തില്‍ നിന്ന് താങ്കള്‍ രക്ഷപ്പെട്ടുവെങ്കില്‍ നിങ്ങളെപ്പോലെ പ്രാണനുവേണ്ടി സിപിഎമ്മുകാരുടെ മുന്നില്‍ കരഞ്ഞ് കേണപേക്ഷിച്ച ഒരു മകന് തനിക്കുണ്ടായിരുന്നു, എന്നാല്‍ പ്രാണനെടുക്കരുതെന്ന അഭ്യര്‍ത്ഥനയെ പുറം കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ച് സിപിഎമ്മുകാര്‍ എന്റെ മോനെ വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.” “ഇരുനൂറോളം പേര് നോക്കിനില്ക്കവേയാണ് അവരതു ചെയ്തത്. താങ്കളോട് അക്രമികള്‍ കാണിച്ച ദയ പോലും തന്റെ മോനോട് സിപിഎം കാണിച്ചില്ല. സിപിഎമ്മിന്റെ ഇത്തരം ചെയ്തികള്‍ തുറന്നു കാണിക്കാന്‍ താങ്കള്‍ തയ്യാറാവണം. അവനെ മാത്രമല്ല എത്രയോ യുവാക്കളേ നിസ്സാര കാരണത്തിന് അവര്‍ കൊലപ്പെടുത്തി. മകന് നഷ്ടമായ ഒരമ്മയുടെ മാത്രം അഭ്യര്ത്ഥനയല്ലിത്. കമ്മ്യൂണിസ്റ്റിതര പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയാകേണ്ടി വന്ന ഇരകളുടെ കൂടി ആവശ്യമാണ്,” ഷൂക്കൂറിന്റെ ഉമ്മ കത്തില്‍ വിശദീകരിക്കുന്നു.
മതന്യൂനപക്ഷങ്ങളുടെ വികാരമിളക്കിയും ഭൂരിപക്ഷത്തിനിടയില്‍ ആശയക്കുഴപ്പമുാക്കിയും വോട്ടു രാഷ്ട്രീയം പരീക്ഷിക്കാനുള്ള സിപിഎമ്മിന്റെ പരിശ്രമങ്ങളില്‍ ഏറ്റവും പുതുതായിരുന്നു ‘ഇരയും വേട്ടക്കാരനും’ കളി. എന്നാല്‍, ശുക്കൂറിന്റെ ഉമ്മയുടെ കത്തും, സെമിനാറിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം പുറത്തായതും സിപിഎമ്മിനു വിനയാവുകയായിരുന്നു. ഇതിനു പുറമേ പാര്‍ട്ടിക്കുള്ളിലുയര്‍ന്ന ശക്തമായ ആരോപണങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടിയെ തികച്ചും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഗണേഷ്മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: