പത്തനംതിട്ട: കളങ്ങളില്‍ കരുക്കള്‍ നിറയും മുമ്പുതന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെകുറിച്ചുള്ള ഊഹാപോഹങ്ങള്‍ അന്തരീക്ഷത്തില്‍ പാറിനടക്കുന്ന സമയം. ഇനി മുന്നിലുള്ളത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മണിക്കൂറുകള്‍. സംസ്ഥാനത്ത് ശ്രദ്ധേയമത്സരം അരങ്ങേറുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.
ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയ പത്തനംതിട്ട ലോക്സഭാമണ്ഡലത്തിലെ പോരാട്ടത്തിന് ഇക്കുറി രാഷ്ട്രീയമാനങ്ങളേറെയുണ്ട്. യുഡിഎഫും, എല്‍ഡിഎഫും, ബിജെപിയും ഒരുപോലെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുന്ന കാഴ്ചയ്ക്ക് ഇത്തവണ പത്തനംതിട്ട സാക്ഷ്യം വഹിക്കും. പ്രധാനമായും ആറന്മുള വിമാനത്താവളം സംബന്ധിച്ച നിലപാടുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. സ്വകാര്യ വിമാനത്താവള നിര്‍മ്മാണവും അതുണ്ടാക്കുന്ന പാരിസ്ഥിതിക വിനാശവും പത്തനംതിട്ട മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നുറപ്പായിക്കഴിഞ്ഞു. വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുളയില് അനിശ്ചിതകാല സത്യാഗ്രഹം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വിമാനത്താവളത്തിനെതിരായി ഉയര്‍ന്ന ജനരോഷം യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
റബര്‍ വിലയിടിവ് സൃഷ്ടിച്ചത് ഒരു ദുരന്തംതന്നെയായിരുന്നു. റബര്‍കര്‍ഷകര്‍ ഭൂരിപക്ഷം വരുന്ന ഒരു മണ്ഡലത്തില്‍ ഇതുസംബന്ധിച്ച വികാരം ആളിക്കത്തുമെന്ന് ഉറപ്പാണ്. ചെറുകിട കര്‍ഷകരാണ് ഈ മേഖലയില്‍ കൂടുതലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഇല്ലാതിരുന്നതും വിലയിടിവിന് കാരണമായി. റാന്നി, ആറന്മുള, കോന്നി, തിരുവല്ല, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. ഈ നിയമസഭാ മണ്ഡലങ്ങളിലെ ഗ്രാമവാസികള്പോലും കേന്ദ്രത്തിലെ ദുര്‍ബലമായ സര്‍ക്കാരിന്റെ കഴിവുകേടാണ് റബര്‍ വിലയിടിവിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് പരമാവധി ഇളവുകള്‍ നല്കാന് കഴിഞ്ഞാല്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലയിലുള്ളവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സിറ്റിംഗ് എംപി ആന്റോ ആന്റണി വിശ്വസിക്കുന്നു. റാന്നി, കോന്നി തുടങ്ങിയ താലൂക്കുകളിലും ഇത് നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം കരുതുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവും ജില്ലാ സെക്രട്ടറിയുമായ അഡ്വ.കെ.അനന്തഗോപനെ പരാജയപ്പെടുത്തിയാണ് ആന്റോ ആന്റണി വിജയിച്ചത്.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്കാലത്തെ സ്ഥിതിയല്ല ഇന്നുള്ളത്. ശക്തമായ കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ജനങ്ങളുടെ പിന്തുണ ബിജെപിയ്ക്ക് വര്‍ദ്ധിച്ച നിലയില്ലഭിക്കുന്നു. ട്രയിനും ബസ്സും ആവശ്യപ്പെടുന്നവരോട് പുച്ഛവും വിമാനത്താവളത്തിന് വേണ്ടി വാദിക്കുന്നത് അഭിമാനമായി കരുതുന്നതും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാണ്. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയുടെ വികസനം പോലും നടന്നിട്ടില്ലാ എന്നത് യുഡിഎഫിനെ മാത്രമല്ല എല്‍ഡിഎഫിനേയും വെട്ടിലാക്കും. കൂടാതെ ജില്ലയില്‍ ഒരു പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുന്നതിലും നിലവിലുള്ള എംപി ആന്റോ ആന്റണി പരാജയപ്പെട്ടു. ഈ ആവശ്യം നേടിയെടുക്കുന്നതില്‍ എല്‍ഡിഎഫിന് എംപിയെ പ്രേരിപ്പിക്കാനുമായില്ല.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: