തിരുവനന്തപുരം: തലയെടുപ്പുകൊണ്ടും അഭിജാത്യംകൊണ്ടും ദേശീയ രാഷ്ട്രീയത്തില്‍ മുദ്ര പതിപ്പിച്ച രണ്ടു മലയാളികളാണ് വി.കെ.കൃഷ്ണമേനോനും ജി. രവീന്ദ്ര വര്‍മ്മയും. കേരളത്തില്‍ നിന്നുമാത്രമല്ല മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുകൂടി ലോകസഭയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവരുടെ പ്രത്യേകത. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ കളിത്തോട്ടിലെന്ന് വിശേഷിപ്പിക്കുന്ന മുംബൈയ് നോര്‍ത്തില്‍നിന്ന് വിജയക്കൊടി പാറിച്ച മലയാളികളാണിവര്‍ എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ നിന്ന് ജനതാപാര്‍ട്ടിയിലേയ്ക്കുള്ള പ്രയാണമായിരുന്നു രവീന്ദ്രവര്‍മ്മയുടേത് എങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് ഇടത്തോട്ട് ചായുകയായിരുന്നു കൃഷ്ണമേനോന്.
1962-ല്‍ തിരുവല്ലയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിപിഐയുടെ പി.ടി. പുന്നൂസിനെ 74064 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് രവീന്ദ്രവര്‍മ്മ ആദ്യം ലോകസഭയില്‍ എത്തിച്ചത്. പി.കെ. വാസുദേവന്‍നായര്‍ ജയിച്ച സിപിഐയുടെ സിറ്റിംഗ് സീറ്റായിരുന്നു അത്. കേരള പാണിനി എ.ആര്. രാജരാജവര്‍മ്മയുടെ ചെറുമകനായ ഈ ഗാന്ധിയന്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കാനായിരുന്നില്ല.
1977 ജനതാപാര്‍ട്ടി ടിക്കറ്റില്‍ ബീഹാറിലെ റാഞ്ചിയില്‍ നിന്ന് ജനവിധിതേടി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുകയും ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭയില്‍ തൊഴില്‍വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 1980-ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ തന്നെ വീണ്ടും ജയിച്ചു കയറി. മണ്ഡലം മുബൈയ് നോര്‍ത്ത്. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ വി.കെ. കൃഷ്ണമേനോനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു മലയാളി വിജയം. 1985-ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച രവീന്ദ്ര വര്‍മ്മ 2006ലാണ് അന്തരിച്ചത്.
രാജ്യാന്തരതലത്തില്‍പോലും പ്രശസ്തനും നെഹ്റുമന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന വി.കെ.കൃഷ്ണമേനോന്റെ കന്നി വിജയം 1957-ല്‍ മുംബൈയ് നോര്‍ത്തില്‍ നിന്നായിരുന്നു. 47741 വോട്ടുകള്‍ക്ക്. കേന്ദ്രപ്രതിരോധമന്ത്രി എന്നനിലയില്‍ 61-ല്‍ കൃഷ്ണമേനോന് മുംബൈയില്‍ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോള്‍ എതിരാളിയായി വന്നത് ആചാര്യ കൃപലാനിയായിരുന്നു. ഗാന്ധിയുടെ സഹചാരിയും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായ കൃപലാനിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മേനോനും തമ്മിലുള്ള മത്സരം രാജ്യശ്രദ്ധ ആകര്‍ഷിച്ചു. കാശ്മീര്‍പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തി പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു മേനോന്. നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിനെത്തി. കൃപലാനിയ്ക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടുനേടി കൃഷ്ണമേനോന് ജയിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ നെഹ്റു കഴിഞ്ഞാല്‍ മേനോന് എന്ന സ്ഥിതി വരുകയും ചെയ്തു. പക്ഷേ നെഹ്റുവുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കൃഷ്ണമേനോന് 67-ല്‍ സ്വതന്ത്രനായി മുംബൈയ് നോര്‍ത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും 13,169 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. 1969-ല്‍ ബംഗാളിലെ മിഡ്നാപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 1,06,767 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് കൃഷ്ണമേനോന് വീണ്ടും ലോകസഭയിലെത്തി. 1971ല്‍ തിരുവനന്തപുരത്ത് ജനവിധി തേടിയ കൃഷ്ണമേനോന് ജയിച്ചു. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണമേനോന് പിഎസ്പിയുടെ ഡി. ദാമോദരന്‍പോറ്റിയെ 24127 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
രവീന്ദ്രവര്‍മ്മയുടെ വിജയരഥം തിരുവല്ലയില്‍ തുടങ്ങി മുംബൈയ് നോര്‍ത്തിലേയ്ക്കായിരുന്നെങ്കില്‍ കൃഷ്ണമേനോന്റെത് മുബൈയ് നോര്‍ത്തില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: