കൊച്ചി: വാല്‍പാറയിലേക്ക് വിനോദസഞ്ചാരത്തിന് പോയ സംഘത്തെ കഞ്ചാവ് കടത്തിയതായി സംശയിച്ച് പിടികൂടി മുടിമുറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിലെത്തിയ തങ്ങളെ ഉദ്യോഗസ്ഥ സംഘം അനാവശ്യമായി മര്‍ദ്ദിച്ചതായാണ് ആലുവ സ്വദേശി ഡെയ്സന്‍ ഡേവിസിന്റെ പരാതി. പരാതിക്കാരുടെ മൊബെയില്‍ ഫോണും പഴ്സും പിടിച്ചു വാങ്ങി. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മുടി മുറിച്ചു നീക്കി.
കമ്മീഷന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ബി.ഇന്ദുലാല്‍, സി.ജി.വിനോദ്കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡിഎഫ്ഒ കമ്മീഷനെ അറിയിച്ചു. കെ.അനില്‍കുമാറിനെ സ്ഥലം മാറ്റിയതായും വിശദീകരണത്തില്‍ പറയുന്നു. സ്റ്റേഷന് പരിസരത്ത് വിനോദ സഞ്ചാരികളുടെ മുടി മുറിച്ചതും മര്‍ദ്ദിച്ചതും മനുഷ്യാവകാശ ലംഘനമാണെന്നും അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ പരാതിക്കാര്‍ തങ്ങള്‍ക്ക് നല്കിയ പരാതി പിന്‍വലിച്ചതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
ഗുരുതരമായ അച്ചടക്കലംഘനം ഉണ്ടായെന്ന് അധികൃതര്‍ സമ്മതിച്ച സ്ഥിതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാ യിരുന്നുവെന്ന് ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: