കൊച്ചി: കേന്ദ്ര ചെറുകിട – ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ പുരസ്കാരം കോര്പ്പറേഷന് ബാങ്കിന് ലഭിച്ചു. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കുന്നതിലെ ബാങ്കിന്റെ പ്രകടനമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.
ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് വായ്പ നല്കുന്നതിലാണ് ബാങ്ക് ഏറ്റവുമധികം മികവ് പുലര്‍ത്തിയത്. അതിനാല്‍ ഈ വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. സൂക്ഷ്മ യൂണിറ്റുകളുടെ വിഭാഗത്തില്‍ രണ്ടാം റാങ്കാണ് കോര്പ്പറേഷന് ബാങ്ക് നേടിയത്. വിവിധ ബാങ്കുകളുടെ 2012-2013 കാലയളവിലെ പ്രകടനം അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങില് നിന്ന് കോര്പ്പറേഷന് ബാങ്ക് ചെയര്മാന് എസ്.ആര്. ബന്‍സല്‍ പുരസ്കാരം ഏറ്റുവാങ്ങി.
കോര്പ്പറേഷന് ബാങ്കിന്റെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ 2013 മാര്‍ച്ച് 31 ന് 18,555 കോടി രൂപയായിരുന്നത് 2013 ഡിസംബര്‍ 31 ആവുമ്പോഴേക്ക് 21,995 കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ചെറുകിട – ഇടത്തരം യൂണിറ്റുകള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്തുകൊണ്ട് ഈ മേഖലയ്ക്ക് വായ്പ നല്കാന് മാത്രമായി എസ്എംഇ ലോണ്‍ സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്ക് തുറന്നിട്ടുണ്ട്. ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിനു കീഴില്‍ ചെറുകിട യൂണിറ്റുകള്‍ക്ക് ഒരു കോടി വരെ ജാമ്യമില്ലാ വായ്പ ബാങ്ക് ലഭ്യമാക്കുന്നു. 10 ലക്ഷം രൂപ വരെ വായ്പയ്ക്കുള്ള ഗ്യാരണ്ടി കവറിന്റെ ചെലവ് ബാങ്ക് തന്നെ വഹിക്കുന്നതാണ്. ഗ്യാരണ്ടി സ്കീമില്‍ പെട്ട വായ്പകള്‍ക്ക് പലിശയില്‍ 50 ബിപിഎസ് വരെ ഇളവ് അനുവദിച്ചു വരുന്നു. ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്ന വനിതകള്‍ക്ക് പലിശനിരക്കില്‍ 0.25% ഇളവും കോര്പറേഷന് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: