കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങള്‍ ജില്ലയ്ക്ക് പുറത്ത് അനുവദിക്കുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെ പത്തനംതിട്ടയില്‍ ലോ കേളേജ് സ്ഥാപിക്കുന്നതിന് തീരുമാനം. തിരുവല്ല പമ്പാഷുഗര്മില് കോമ്പൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്തേക്കര്‍ സ്ഥലത്ത് എല്‍എല്‍എം കോഴ്സ് തുടങ്ങുന്നതിനാണ് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ലോ കോളേജിണ്റ്റെ വകുപ്പ് അധ്യക്ഷനായി ഡോ.സി.പ്രമോദിനെ നിയമിച്ച് സര്‍വ്വകലാശാല വിജ്ഞാപനമിറക്കി. ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി അനുവദിക്കപ്പെട്ട കേന്ദ്രസര്‍വ്വകലാശാലയുടെ പഠനവകുപ്പുകള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി പുറത്തേക്ക് കടത്തുകയാണ്. നേരത്തെ ഇണ്റ്റര്‍ നാഷണല്‍ റിലേഷന്സിണ്റ്റെ ഇണ്റ്റഗ്രേറ്റഡ് കോഴ്സ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. എംപിയായ ശശിതരൂരിണ്റ്റെ സ്വാധീനഫലമായാണ് തിരുവനന്തപുരത്തേക്ക് കോഴ്സ് മാറ്റിയത്. എന്നാല്‍ തലസ്ഥാനമായതിനാല്‍ പഠനവിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം. ഇതിനിടയില്‍ ശ്രേഷ്ഠഭാഷാ പഠന കേന്ദ്രം മറ്റൊരുജില്ലയില്‍ അനുവദിക്കാനുള്ള ശ്രമം നടന്നെങ്കിലും വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പത്തനംതിട്ട എംപിയായ ആണ്റ്റോ ആണ്റ്റണിയുടെയും കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ.ജാന്‍സി ജയിംസിണ്റ്റേയും ചരടുവലിയെ തുടര്‍ന്നാണ് ലോ കോളേജ് ജില്ലയ്ക്ക് നഷ്ടമായിരിക്കുന്നത്. കേന്ദ്രസര്വ്വകലാശാലക്കു കീഴില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജ് തിരുവല്ലയിലേക്ക് മാറ്റാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. എന്നാല്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ അധികൃതര്‍ പിന്മാറി. തിരുവല്ലയില്‍ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചതും വിവാദമായിരുന്നു. കോഴ്സുകള്‍ ജില്ലയ്ക്കുപുറത്തേക്ക് മാറ്റുന്നതിനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സര്‍വ്വകലാശാല അധികൃതര്‍ നിഷേധിക്കുകയുമുണ്ടായി. ജില്ലയുടെ ആശങ്കയെ ശരിവയ്ക്കുകയാണ് സര്‍വ്വകലാശാല അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം. തിരുവല്ലയില്‍ 214-15 അധ്യയന വര്‍ഷം കോഴ്സ് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രസര്‍വ്വകലാശാല വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച് വിവരങ്ങളും നല്‍കുന്നുണ്ട്. കാസര്‍കോടിന് കേന്ദ്രസര്‍വ്വകലാശാല അനുവദിച്ചത് വികസന നേട്ടമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്കിയ പരസ്യത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ആസ്ഥാനം കാസര്‍കോട്ട് നിലനിര്‍ത്തി അനുബന്ധ സ്ഥാപനങ്ങള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ച് മറ്റുജില്ലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: