കൊച്ചി: കേരളത്തിന്റെ വ്യവസായ നഗരമായ കൊച്ചിയുടെ ഭരണം കയ്യാളുന്ന കൊച്ചി കോര്‍പ്പറേഷനിലെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ കഴിഞ്ഞെങ്കിലും പുതിയ നിയമനം സംബന്ധിച്ച നടപടികള്‍ എങ്ങുമെത്തിയില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കോര്പറേഷന് സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ജനകീയാസൂത്രണ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എന്നീ മൂന്നു താക്കോല്‍ സ്ഥാനങ്ങളാണു ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ തന്നെ സെക്രട്ടറിയെന്ന മര്‍മ പ്രധാന കസേരയില്‍ ആളില്ലാതായിട്ട് രണ്ടു മാസത്തിലേറെയായി. ഹെല്‍ത്ത് ഓഫീസര്‍ ഇല്ലാതായിട്ട് എട്ടു മാസത്തോളമായെങ്കില് ജനകീയാസൂത്രണ കോര്‍ഡിനേറ്ററെ നഗസഭയിലെ ജനങ്ങള്‍ കണ്ടിട്ടു നാലു വര്‍ഷത്തോളമാകുന്നു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ പി.എം. ഫ്രാന്‍സിസായിരുന്നു ഒടുവില്‍ സെക്രട്ടറി സ്ഥാനത്ത്. എന്നാല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നു പി.എം.ഫ്രാന്‍സിസ് നഗരസഭയെ അറിയിച്ചതിനെത്തുടര്‍ന്നു കൗണ്‍സില്‍ യോഗം ചേര്‍ന്നു സെക്രട്ടറിയെ നീക്കം ചെയ്യണമെന്നു സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കുമ്പോഴാണു പി.എം.ഫ്രാന്‍സിസ്് കൊച്ചിന് കോര്‍പ്പറേഷന്റെ സെക്രട്ടറിയായി നിയമിതനാകുന്നത്. എന്നാല്‍ അദ്ദേഹം കുറച്ചു മാസങ്ങള്‍ മാത്രമാണു സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കോര്പറേഷന് അഡീഷനല്‍ സെക്രട്ടറി എ.എസ്.അനൂജയാണ് ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.
രണ്ടു മാസത്തോളമായിട്ടും പുതിയ സെക്രട്ടറിയെ കണ്ടെത്താന്‍ സാധിക്കാത്തതു കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നു കോര്പറേഷന് അംഗങ്ങള്‍ ഭരണ പ്രതിപക്ഷഭേദമന്യേ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ട് സെക്രട്ടറിയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. അഡീഷണല്‍ സെക്രട്ടറിയുണ്ടെങ്കിലും സെക്രട്ടറിയുടെ പദവിയില്ലാത്തതിനാല്‍ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നതായും കൗണ്‍സിലര്‍മാര്‍ക്കിടയില്‍ പരാതിയുണ്ട്്.
സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള കോര്പറേഷനുകളിലൊന്നാണു കൊച്ചിന് കോര്പറേഷന്. സാധാരണ ജൂനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കാണു സെക്രട്ടറി പദവിയില്‍ നിയമനം ലഭിക്കുന്നത്. പി.എം. ഫ്രാന്‍സിസിനു മുമ്പ് അജിത് പാട്ടീലും, മിനി ആന്റണിയുമായിരുന്നു സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നത്. ഐഎഎസ് ലഭിച്ചതിനുശേഷം മിനി ആന്റണിക്ക് ആദ്യമായി ലഭിച്ച നിയമനമായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ക്ക് കോട്ടയം കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ തൃശൂര്‍ കളക്ടറായിരുന്ന പി.എം.ഫ്രാന്‍സിസിനെ കോര്പറേഷന് സെക്രട്ടറി സ്ഥാനത്തേയ്ക്കു നിയമിച്ചത് തരംതാഴ്ത്തലാണെന്ന ആക്ഷേപം അദ്ദേഹം നിയമിതനാകുമ്പോഴേ ഉണ്ടായിരുന്നു. സെക്രട്ടറി സ്ഥാനത്തുനിന്നു പിന്മാറാന് പി.എം.ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചതും ഇതാണെന്നു പരക്കെ വിലയിരുത്തലുണ്ട്. നഗരകാര്യ വകുപ്പാണു സെക്രട്ടറിയെ നിയമിക്കുന്നതെങ്കിലും അവര്‍ മൗനം പാലിക്കുകയാണ്. പല തവണ സെക്രട്ടറിയുടെ നിയമനകാര്യം മേയര്‍ അടക്കമുള്ളവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പുതിയ ഹെല്‍ത്ത് ഓഫീസര്‍ നിയമിതാനാകാത്തതു മൂലം മാലിന്യനിര്‍മാര്‍ജനം, കൊതുകുനശീകരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുമില്ല. ജനകീയാസൂത്രണ പദ്ധതി കോഓര്‍ഡിനേറ്റര്‍ ഇല്ലാത്തതു ഈ വകുപ്പിന്റെ പ്രവര്‍ത്തനവും താളം തെറ്റിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: