വാഷിംഗ്ടണ്‍: ഉക്രെയ്നിലേക്കു റഷ്യ സൈന്യത്തെ അയച്ചതിനെതിരേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. എത്രയും വേഗം സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് റഷ്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കെറി മുന്നറിയിപ്പ് നല്കി.
റഷ്യ സൈനിക അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മറ്റു ലോക നേതാക്കളുമായി പരസ്പര ധാരണയിലെത്തിയിട്ടുണ്ടെന്ന് കെറി പറഞ്ഞു. റഷ്യന്‍ ഇടപെടലിനെതിരേ ബരാക് ഒബാമയും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ ഉക്രെയ്ന് ആക്ടിങ് പ്രസിഡന്റ് അലക്സാണ്ടര്‍ ടര്‍ച്ചിനോവ് സൈന്യത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിനു നേരേയുണ്ടാകുന്ന ഏത് സൈനിക നടപടിയും യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ക്രിമിയ മേഖലയിലേക്ക് റഷ്യ കഴിഞ്ഞ ദിവസം രണ്ടായിരത്തോളം സൈനികരെ അയച്ചുവെന്നാണ് ഉക്രെയ്ന്റെ ആരോപണം.
എന്നാല്‍ ക്രിമിയ മേഖലയിലെ ആഭ്യന്തര മന്ത്രാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഉക്രെയ്ന് ആയുധധാരികളെ അയച്ചെന്നും ഇതാണ് പ്രശ്നത്തില്‍ ഇടപെടാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നുമാണ് റഷ്യയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: