ആലുവ: മഹാശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റൂറല്‍ എസ്പി സതീഷ് ബിനോ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്പെഷ്യല്‍ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.അനില്‍ കുമാര്‍, ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.കെ.സനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്ത് ഡിവൈഎസ്പിമാര്‍ 30 സിഐമാര്‍ 165 എസ്ഐ/എഎസ്ഐമാര്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 1500 ഓളം പോലീസുകാര്‍ എന്നിവരടങ്ങുന്ന വിപുലമായ പോലീസ് സംഘത്തെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
നിരീക്ഷണത്തിനായി വിവിധ ജില്ലകളില്‍നിന്നുള്ള മഫ്തി പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. നിരീക്ഷണ ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. പോലീസ് വാച്ച് ടവറുകളില്‍ ബൈനോക്കുലര്‍ സൗകര്യങ്ങളോടുകൂടി സദാനിരീക്ഷണം നടത്തും. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്ട്രോള് റൂം രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്ട്രോള് റൂം രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍നിന്നും ജിസിഡിഎ റോഡുവഴി ആയുര്‍വേദ ആശുപത്രിക്ക് മുന്നിലൂടെ പോകണം. മണപ്പുറത്ത് പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. മണപ്പുറത്തേക്ക് സര്‍വീസ് നടത്തുന്ന അങ്കമാലി-പറവൂര്‍ ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് പ്രൈവറ്റ് വാഹനങ്ങളും സെമിനാരിപ്പടിയില്‍നിന്നും ജിസിഡിഎ റോഡിലൂടെ ആയുര്‍വേദ ആശുപത്രിക്ക് മുന്നിലെത്തി പുതിയ ജിസിഡിഎ റോഡുവഴി മണപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തണം.
മണപ്പുറം ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും മറ്റും പ്രൈവറ്റ് വാഹനങ്ങളും ദേശം കടവില്‍നിന്നും നേരെ പറവൂര്‍ കവലയില്‍ എത്തണം. തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍നിന്നും മണപ്പുറത്തേക്ക് യാതൊരുവിധ വാഹനഗതാഗതവും അനുവദിക്കില്ല. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍നിന്നും ബസ്സുകള്‍ തോട്ടക്കാട്ടുകര കവലയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിനുശേഷം പറവൂര്‍ കവല, യുസി കോളേജ്-കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം.
അങ്കമാലി ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയ്ക്ക് സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിച്ച് അവിടെനിന്നും മടങ്ങി പോകണം.
എറണാകുളം ഭാഗത്തുനിന്നും എന്‍എച്ച് വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും പുളിഞ്ചോട് ജംഗ്ഷനില്‍നിന്നും സര്‍വീസ് റോഡില്‍ കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ്സ്റ്റാന്റില് എത്തണം. അഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ബാക്കിവരുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ പുളിഞ്ചോടിലുള്ള ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യണം. പ്രൈവറ്റ് സ്റ്റാന്റില്‍നിന്നും എറണാകുളം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും സ്റ്റാന്റിന് മുമ്പില്‍ക്കൂടി വലത്തോട്ട് തിരിഞ്ഞ് ഫയര്സ്റ്റേഷന് കാരോത്തുകുഴി വഴി പോകണം.
പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പ് ജംഗ്ഷന് വഴി എംജി ടൗണ്‍ ഹാളിന് മുന്‍ വശമുള്ള താല്‍ക്കാലിക സ്റ്റാന്റില്‍ എത്തി അവിടെനിന്നും തിരികെ സര്‍വീസ് നടത്തണം.
പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പവര്‍ഹൗസ് റോഡില്‍നിന്നും നേരെ ഗവ. ആശുപത്രി ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി-പുളിഞ്ചോട് വഴി സ്റ്റാന്റില്‍ പ്രവേശിക്കണം. അവിടെനിന്നും തിരികെ ഫയര്സ്റ്റേഷന് വഴി കാരോത്തുകുഴി ജംഗ്ഷനില്‍നിന്നും ആശുപത്രി റോഡിലൂടെ പവര്‍ഹൗസ് ജംഗ്ഷനിലെത്തി സര്‍വീസ് നടത്തണം. ബാങ്ക് കവല മുതല്‍ എംജി ടൗണ്‍ഹാള്‍ റോഡുവരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു വാഹനഗതാഗതവും അനുവദിക്കില്ല.
ഹൈവേയിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവില്‍നിന്നും മണപ്പുറത്തേക്ക് പോകുന്നതിന് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കടത്തുവഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
ശിവരാത്രിയോടനുബന്ധിച്ചുള്ള തിരക്കില്‍പ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍ക്കാലിക പാലത്തില്‍ നാളെ ഉച്ചവരെ ടോള്‍ പിരിവ് ഉണ്ടായിരിക്കില്ല. മണപ്പുറത്തുള്ള അമ്പലത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ല. ആലുവ മുനിസിപ്പാലിറ്റി ഏരിയ യാചകനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവുകളിലും പുഴയിലും ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ള ബോട്ടുകള്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തും. ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പോലീസ് സംവിധാനമേര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: