ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് അപൂര്‍വ്വ സ്വര്‍ണ്ണനാണയങ്ങളുടെ വന്‍ ശേഖരം കണ്ടെടുത്തു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയായി ഇതു കണക്കാക്കപ്പെടുന്നു. 1985ല്‍ ടെന്നീസിയിലെ ജാക്സണില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ നടത്തിയ പത്ത് ലക്ഷം ഡോളര്‍ മൂല്യം വരുന്ന സ്വര്‍ണ്ണനാണയങ്ങളുടെ കണ്ടെത്തലായിരുന്നു ഇതുവരെയുള്ള ബൃഹത് നിധിവേട്ട.
മധ്യവയസ്കരായ ദമ്പതികള്‍ താമസിച്ചുവന്ന വീട്ടുവളപ്പിലെ ഒരു മരത്തണലില്‍ നിന്നാണ് 1427 സ്വര്‍ണ്ണനാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. 1847 -1894 കാലയളവിലെ നാണയങ്ങളാണിവയെന്ന് കരുതപ്പെടുന്നു. ഒരു നാണയത്തിന് മാത്രം ഏതാണ്ട് 28,000 ഡോളര്‍ മൂല്യം വരുമെന്ന് പ്രഫഷണല്‍ കോയിന് ഗ്രേഡിങ് സര്‍വീസ് വകുപ്പിലെ വിദഗ്ധര്‍ പറഞ്ഞു. അത്യപൂര്‍വ്വ വിഭാഗത്തില്‍ പെടുന്ന ചിലതിന് ഒരു ദശലക്ഷം ഡോളറെങ്കിലും വില വരുമത്രെ.
സ്വര്‍ണ്ണനാണയ ശേഖരം കണ്ടെത്തിയ പറമ്പിന്റെ മൂലയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. പട്ടിയുമായി സവാരിക്കിറങ്ങിയപ്പോള്‍ നിധി കിട്ടിയെന്ന് അവര്‍ പറയുന്നു. പുറംലോകവുമായി അത്ര ബന്ധമില്ലാത്ത ദമ്പതികള്‍ നാണയങ്ങള്‍ ആമസോണ്‍ വഴി വില്‍പ്പന നടത്താനും കിട്ടുന്നതിലെ ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറാനുമായിരുന്നു നീക്കമിട്ടിരുന്നത്. പക്ഷെ, അറ്റ്ലാന്റയില്‍ വ്യാഴാഴ്ച തുടങ്ങിയ നാഷണല്‍ മണി ഷോയുടെ ഭാഗമായി ഏതാനും നാണയങ്ങള്‍ യുഎസ് ന്യുമിസ്മാറ്റിക് അസോസിയേഷനു നല്‍കിയതോടെ അവരുടെ പദ്ധതികള്‍ തകിടംമറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: