കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും കേരകര്‍ഷകന്റെ സാമ്പത്തിക നിലവാരത്തിലും നേട്ടമുണ്ടാക്കുന്ന നീരയും നീര ഉല്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച്ച രാവിലെ 11 ന് കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ വിപണിയിലിറക്കും. നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രത്യേക പരിശീലനം നേടിയ നീര ടെക്നീഷ്യന്മാര്വഴി നീരയുത്പ്പാദനവും സംസ്ക്കരണവും ഉടന്‍ പ്രാവര്‍ത്തികമാക്കും.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളില്‍ നിന്നും നീര ടാപ്പ് ചെയ്ത് ലിറ്ററിന് നൂറു രൂപ കണക്കാക്കിയാല്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന പ്രതിവര്‍ഷ വരുമാനം 54000 കോടി രൂപയാണ്. ഇതില്‍ കര്ഷകന് ലഭിക്കുന്നത് 27000 കോടിയും ടെക്നീഷ്യന്‍സിന് 13500 കോടിയും. ഇതില്‍ നിന്ന് സംസ്ഥാനത്തിന് അധിക നികുതി വരുമാനമായി 4050 കോടിയുമാണ് ലഭിക്കുന്നത്. നീരയുത്പാദനത്തില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പി.യിലേക്കു മുതല്‍ക്കൂട്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ദിവസം തെങ്ങൊന്നിന് മൂന്ന് ലിറ്ററാണ് ഉത്പാദനമെങ്കില്‍, 10.8 ലക്ഷം രൂപ വരെ ലഭിക്കും. ഒരു ലിറ്റര്‍ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താല്‍ ലഭ്യമാകുന്നത് 9 ലക്ഷം രൂപയുടെ അധിക വരുമാനമാണ്. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകള്‍ 3.00-4.5 ലിറ്റര്‍ വരെ നീര നല്‍കും. തെങ്ങ് കര്‍ഷകന്റെ ഉടമസ്ഥതയിലാണ്. നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുന്ന നീരയ്ക്ക് ഒരു നിശ്ചിത അനുപാതത്തില്‍ വരുമാനം കര്‍ഷകരും ടെക്നീഷ്യന്മാരും പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ് മറ്റു വിദേശരാജ്യങ്ങളില്‍ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: