കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി വി.എം. സുധീരന് ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങുന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെടുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസവും ഉടലെടുത്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭാ നേതൃത്വത്തിന്റെ അഭിപ്രായം ആരാഞ്ഞ് സുധീരന് തൃശ്ശൂര്‍, കോട്ടയം ആര്‍ച്ച് ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായി. ആറു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് സഭാ നേതൃത്വം കെപിസിസിയെ അറിയിച്ചതായാണ് വിവരം. ഇടുക്കി സീറ്റില്‍ പി.ടി. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് സീറ്റു നല്കുന്നതില് സഭക്ക് എതിര്‍പ്പില്ല.
കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ പിടിയെ ഒഴിവാക്കണം. പകരം പേരൊന്നും നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ഡിസിസി പ്രസിഡന്റ് റോയ്.കെ. പൗലോസിനെയാണ് സഭ പിന്തുണക്കുന്നത്. തൃശ്ശൂരില്‍ പി.സി. ചാക്കോയ്ക്കും എറണാകുളത്ത് കെ.വി. തോമസിനും വീണ്ടും അവസരം നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പടയൊരുക്കം നടക്കുന്ന വേളയിലാണിത്. ആന്റോ ആന്റണി, ജോസ്.കെ. മാണി എന്നീ സിറ്റിംഗ് എംപിമാരെ തുടര്‍ന്നും മത്സരിപ്പിക്കണമെന്നുമുള്ള നിലപാടാണ് സഭയുടേത്. ഇതില്‍ ജോസ്.കെ. മാണിയുടെ കാര്യം ഉറപ്പാണെങ്കിലും ആന്റോ ആന്റണിക്കെതിരെയും പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്.
പുറമേ വയനാട്, ചാലക്കുടി സീറ്റുകളിലൊന്നിലും തങ്ങള്‍ നിര്‍ദ്ദേശിക്കുന്നയാളിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും സഭ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ എം. ഐ. ഷാനവാസും ചാലക്കുടിയില്‍ കെ.പി. ധനപാലനുമാണ് സിറ്റിംഗ് എംപിമാര്‍. രണ്ടുപേരെയും ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ഇരുവരും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സഭയെ പിണക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
സഭയുടെ വിശ്വസ്തരായ കൂടുതല്‍ എംപിമാരെ പാര്‍ലമെന്റില്‍ എത്തിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുമായി വിലപേശല്‍ നടത്തുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയും സഭാ നേതൃത്വവും ഇക്കാര്യത്തിനായി തൃശ്ശൂര്‍, കോട്ടയം ആര്‍ച്ച് ബിഷപ്പുമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സുധീരന് ഇരുവരുമായി ചര്‍ച്ച നടത്തിയത്.
തങ്ങള്‍ നിര്‍ദ്ദേശിച്ച ഈ ആറു സീറ്റുകളില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ അതിജീവിച്ച് സഭ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റ് നല്കാന് കോണ്‍ഗ്രസ് നേതൃത്വം ഏറെ ബുദ്ധിമുട്ടുമെന്നാണ് സൂചനകള്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: