ധാക്ക: കളിയുടെ അവസാന ഓവറുകളില്‍ ലോകത്ത് ഏറ്റവും അപകടകാരിയായ പന്തേറുകാരന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു, ശ്രീലങ്കയുടെ ലസിത് മലിംഗ. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അതൊന്നു കൂടി തെളിഞ്ഞു. വിജയത്തിലേക്കു കുതിക്കുകയായിരുന്നു പാക് പടയിലെ ഓരോ തലയും അരിഞ്ഞിട്ട മലിംഗ ലങ്കയ്‌ക്ക് 12 റണ്‍സിന്റെ ആവേശോജ്ജ്വല ജയമൊരുക്കി. പാക്കിസ്ഥാന്റെ അവസാന അഞ്ച് വിക്കറ്റുകളും പിഴുതെറിഞ്ഞാണ് മലിംഗ അപ്രതീക്ഷിത ഹിറോയായത്. മലിംഗ തന്നെ കളിയിലെ കേമനും. സ്കോര്‍: ലങ്ക- ആറിന് 296 (50 ഓവര്‍)- പാക്കിസ്ഥാന്‍-284 (48.5).
ടോസ് നേടിയ സിംഹള വീരര്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 296 എന്ന മാന്യമായ സ്കോര്‍ കണ്ടെത്തി. ലാഹിരു തിരുമ്മന്നെ (102) ലങ്കയുടെ ടോപ് സ്കോറര്‍. പതിനൊന്നു ബൗണ്ടറികളും ഒരു സിക്സറും തിരുമ്മന്നെ നേടി. കുമാര്‍ സംഗക്കാര (67), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (55 നോട്ടൗട്ട്) എന്നിവരും റണ്‍സ് വേട്ടയില്‍ പിന്നില്‍ നിന്നില്ല. സംഗക്കാര എട്ടു തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ മാത്യൂസ് അഞ്ചു ഫോറും ഒരു സിക്സറും പോക്കറ്റില്‍വച്ചു. പാക്കിസ്ഥാനു വേണ്ടി ഉമര്‍ ഗുല്ലും ഷാഹിദ് അഫ്രീദിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
പാക് ബാറ്റിങ് തുടക്കം മുതല്‍ തന്നെ ലക്ഷ്യംബോധത്തോടെ മുന്നേറി. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (26) അഹമ്മദ് ഷെഹ്സാദും (28) ശുഭകരമായ ആരംഭം കുറിച്ചു. മുഹമ്മദ് ഹഫീസ് (18),ഷൊയ്ബ് മഹ്സൂദ് (17) എന്നിവര്‍ മങ്ങി. എങ്കിലും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹക്കും ഉമര്‍ അക്മലും എതിര്‍ പാളയത്തിലേക്ക് ആക്രമണം നയിച്ചു.121 റണ്‍സ് ഇരുവരും വാരിയപ്പോള്‍ ലങ്കയെ തോല്‍വി തുറിച്ചുനോക്കി. 74 റണ്‍സ് നേടിയ ഉമര്‍ അക്മല്‍ സുരാംഗ ലാക്മലിനെ വണങ്ങുമ്പോള്‍ പാക് സ്കോര്‍, 43.3 ഓവറില്‍ 5ന് 242. പിന്നെ ചിത്രമാകെ മാറി. 45-ാം ഓവറില്‍ മലിംഗ സംഹാര താണ്ഡവം ആരംഭിച്ചു. ഷാഹിദ് ആഫ്രീദിയും (4), മിസ്ബയും (73) പുറത്ത്. തന്റെ അടുത്ത ഓവറില്‍ ഉമര്‍ ഗുല്ലിനെയും മലിംഗ കൂടാരത്തിലെത്തിച്ചു.
ലാക്മലിനെ തുടര്‍ ബൗണ്ടറികള്‍ക്കു ശിക്ഷിച്ച് സയീദ് അജ്മലും ബിലാവല്‍ ബട്ടിയും പാക് ക്യാംപില്‍ നേരിയ ചിരി നല്‍കി. പക്ഷേ, അജ്മലിനെ വിക്കറ്റിനു മുന്നില്‍കുടുക്കിയ മലിംഗ ബട്ടിയുടെ കുറ്റിയും പിഴുത് പാക്കിസ്ഥാന് തോല്‍വിയുടെ കയ്്പ്പുനീര്‍ വിളമ്പിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: