പിറവം: പാഴൂരിനെയും കക്കാടിനെയും ബന്ധിപ്പിച്ചു നിര്‍മ്മിച്ച തൂക്കുപാലവും പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ മണപ്പുറവുമായി ബന്ധിപ്പിച്ച് നിര്‍മ്മിച്ച മഴവില്‍ പാലവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ചു. ആത്മീയ പ്രാധാന്യമുള്ള സ്ഥലത്ത് ചരിത്രപരമായി പ്രാധാന്യമുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു എന്നത് പിറവം ഗ്രാമപഞ്ചായത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് മുഖ്യ പ്രഭാഷണത്തില്‍ ജോസ്.കെ.മാണി എം.പി പറഞ്ഞു. പിറവത്ത് പുതിയതായി ആരംഭിക്കുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ 28 ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2.15 കോടി മുതല്‍ മുടക്കിലാണ് തൂക്കുപാലം നിര്‍മ്മിച്ചത്. മണപ്പുറത്തേക്കുള്ള മഴവില്‍ പാലത്തിന് 77 ലക്ഷം രൂപ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വകയിരുത്തി. 70 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട് പാലങ്ങള്‍ ഒരേ സമയം പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്ത് കൂടിയായി പിറവം മാറി.
പാഴൂര്‍, കക്കാട് കരക്കാരുടെ വളരെ കാലത്തെ അഭ്യര്ത്ഥനകള്ക്കാണ് ഇതോടെ പരിഹാരമായത്. കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറുകണക്കിനാളുകള്‍ യാത്ര ചെയ്യുന്നതിന് കടത്തിനെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലത്ത് കടത്ത് യാത്രയും ദുരിതത്തിലാകുമായിരുന്നു. തൂക്കുപാലം രൂപകല്‍പ്പന ചെയ്ത മുന്‍ ജില്ല കളക്ടര്‍ ഷേക്ക് പരീതിന് പഞ്ചായത്ത് ഉപഹാരം നല്കി. മാധ്യമപ്രവര്ത്തകന് കെ.കെ.വിശ്വനാഥനെ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു.
ഭക്ഷ്യമന്ത്രി അഡ്വ: അനൂപ് ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.കെ.ജേക്കബ്, എ.ഡി.എം.ബി.രാമചന്ദ്രന്, ജില്ല ബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ്, ആര്.ഡി.ഒ. പി.എന്‍.സന്തോഷ്, ജെയിസണ്‍ ജോസഫ്, ഐ.കെ.രാജു, കെല് എം.ഡി.കെ.എം.ഷംസൂദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.ജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജൂലി സാബു, കെ.പി.സലിം, വൈസ് പ്രസിഡന്റ് അന്നമ്മ ടോമി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ.പ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.എന്‍.ചന്ദ്രശേഖരന്, സാലി കുര്യാക്കോസ്, ബിന്ദു ബാബു, പഞ്ചായത്ത് അംഗം കെ.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: