തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ പോലീസില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. പോലീസ് മേധാവിയും വിജിലന്‍സ് ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരളം വിടാനൊരുങ്ങുകയാണ്. നിരവധി ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സംസ്ഥാനത്തു നിന്നും വിട്ടുനില്‍ക്കാനും തയാറെടുക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങളില്‍ പ്രതിഷേധിച്ചാണിത്.
ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യവും വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ലയുമാണ് ചുമതലകളൊഴിയുന്ന പ്രമുഖര്‍. മഹേഷ്കുമാര്‍ സിംഗ്ല ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി നിയോഗിക്കപ്പെടും. സ്വദേശമായ ചണ്ഡിഗഡിലാകും നിയമനമെന്നറിയുന്നു. ഇതുസംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 10നകം ലഭിക്കും. മൂന്നു വര്‍ഷം സര്‍വീസ് അവശേഷിക്കവെയാണ് സിംഗ്ല കേരളം വിടുന്നത്. ഡിജിപി ബാലസുബ്രഹ്മണ്യത്തിന് 2015 മെയ് വരെ സര്‍വീസ് ബാക്കിയുണ്ട്. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലാവും ഇദ്ദേഹം നിയമിതനാകുക. രണ്ട് ഉദ്യോഗസ്ഥരും സ്വമേധയായാണ് ഡെപ്യൂട്ടേഷനില്‍ പോകുന്നത്.
ആഭ്യന്തര വകുപ്പ് മന്ത്രി പദത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാറ്റമാണ് പൊലീസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രധാനകാര്യം. മാറിമാറിവരുന്ന മന്ത്രിമാരുടെ നിലപാടുകളും നയങ്ങളും താത്പര്യങ്ങളും വിഭിന്നമായതു കാരണം ഏറെ പഴി കേള്‍ക്കേണ്ടിവന്നത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കായിരുന്നു. പോലീസിനെതിരെ ഹൈക്കോടതിവിമര്ശനവും പതിവായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിജിപിയുള്‍പ്പെടെ 18 ഓളം പ്രധാന ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കിയത്.
പാമോയില്‍, ടിപി വധം, സരിതകേസ്, സലിംരാജ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങി നിരവധി വിഷയങ്ങളില്‍ പോലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിരുന്നു. ഇത്തരത്തില്‍ സേനയുടെ മുഖം വികൃതമാകുമ്പോഴും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെടുന്നില്ല എന്ന വിഷമം ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.
ഓള് ഇന്ത്യ പോലീസ് റൂളിലെ ഭേദഗതി അനുസരിച്ച് രണ്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കാതെ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത്തരത്തില്‍ സ്ഥലംമാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍ എഡിജിപിമാരെ കൂടി ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിക്കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. ഇതിനിടെയാണ് ഇരുപതിലേറെപ്പേരെ നടപടിക്രമം ലംഘിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥലംമാറ്റിയത്.
ഇതോടെ വനിതകള്‍ ഉള്‍പ്പെടുന്ന അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. അടിക്കടിയുള്ള സ്ഥലംമാറ്റം കുടുംബജീവിതത്തെയുംകരിയറിനെയും ബാധിക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി. ഡെപ്യൂട്ടേഷനില്‍ പോയി മടങ്ങിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റിങ്് നല്‍കാതെ ആ കാലാവധി അവധിയായി കണക്കാക്കി ശമ്പളം തടഞ്ഞ നടപടിയും വ്യാപക പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന് വിദേശത്തു പോകാന്‍ പലരുടെയും കാലുപിടിക്കേണ്ട സ്ഥിതിയുമുണ്ട്. യഥാസമയം അനുവാദം ലഭിക്കാത്തതിനാല്‍ അവസരം നഷ്ടമായ സംഭവവുമുണ്ട്. ഡിജിപി ശുപാര്‍ശ ചെയ്തിട്ടും ചീഫ് സെക്രട്ടറി ഇടപെട്ട് വിദേശ പരിശീലനം തടഞ്ഞതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
കൊച്ചിയിലും തിരുവനന്തപുരത്തും കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതും പോലീസ് സേനയില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. തീരുമാനം നടപ്പാക്കാത്തതിനു പിന്നില്‍ ഐഎഎസ് ലോബിയാണെന്നാണ് ഐപിഎസുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതും ഈ സാഹചര്യത്തിലാണ്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: