ന്യൂദല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ രാഷ്ടീയ ജനതാദള്‍( ആര്.ജെ.ഡി) നെടുകെ പിളര്‍ന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായ പിളര്‍പ്പ് ലാലുവിന് കനത്ത അടിയാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച പതിമൂന്ന് എം.എല്‍.എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന. ഇവര്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കുമെന്നും അഭ്യൂഹമുണ്ട്. തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.ആര്‍ജെഡിക്ക് 22 എംഎല്‍എമാരാണുള്ളത്. പകുതിയില്‍ കൂടുതല്അംഗങ്ങളുള്ളതിനാല് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചവര്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല.
ദീര്‍ഘകാലം ലാലുവുമായി സഖ്യത്തിലായിരുന്ന രാം വിലാസ് പാസ്വാന്റെ എല്‍ജെപി കഴിഞ്ഞ ദിവസം ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇതുണ്ടാക്കിയ അമ്പരപ്പ് മാറും മുന്‍പാണ് ലാലുവിന്റെ പാര്‍ട്ടി തന്നെ നെടുകെ പിളര്‍ന്നത്. കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും അതൊരു പ്രശ്നമല്ലെന്നും താനൊരിക്കല്‍ പ്രധാനമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ലാലു പ്രഖ്യാപിച്ചിരുന്നു. അഞ്ചുവര്‍ഷം തടവ് ലഭിച്ച ലാലു ഇപ്പോള്‍ ജാമ്യത്തിലാണ്.
ലാലു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന സൂചനയുണ്ടായിരുന്നു. ആ സമയത്താണ് പിളര്‍പ്പ്. പിളര്‍പ്പ് കോണ്‍ഗ്രസുമായി വില പേശാനുള്ള ലാലുവിന്റെ ശക്തി കുറയ്ക്കും.
അതിനിടെ രാജിവച്ച പതിമൂന്നു പേരില്‍ ആറു പേര് ഇന്നലെ വൈകിട്ട് ആര്‍ജെഡിയില്‍ മടങ്ങിയെത്തിയതായി ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: