തിരുവനന്തപുരം: കരിങ്കല്‍ ക്വാറികള്‍ക്കും പരിസ്ഥിതിയെ ബാധിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും അനുമതി നല്കുന്ന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനം വിവാദത്തില്‍. ഡോ.എ.ഇ.മുത്തുനായകം സ്ഥാനമൊഴിഞ്ഞ ശേഷം പുനഃസംഘടിപ്പിച്ച പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ വേണ്ടത്ര യോഗ്യതയുള്ളവര്‍ ആരുംതന്നെയില്ലെന്നാണ് ആക്ഷേപം. സ്ഥാനമൊഴിഞ്ഞ ഡോ.മുത്തുനായകത്തിന് പകരം ഡോ.കെ.പി.ജോയിയെ നിയമിച്ചതിനു പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടെന്നാണ് ആക്ഷേപം. ഇതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ താല്പര്യവും ഉണ്ടെന്നു പറയപ്പെടുന്നു.
മുത്തുനായകം ചെയര്‍മാനായിരിക്കെയാണ് വീണ്ടും മൂന്നുവര്‍ഷം കൂടി തുടരാമെന്നിരിക്കെ അദ്ദേഹത്തിന് 75 വയസ്സ് പൂര്‍ത്തിയായെന്നും ഡോ.കെ.പി.ജോയി ചെയര്‍മാനായും കാഞ്ഞിരംകുളം ഗവ.കോളേജിലെ മുന്‍പ്രിന്‍സിപ്പല്‍ ഡോ.ജെ.സുഭാഷിണി അംഗമായും പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ 2013 ഒക്ടോബര്‍ 22ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 30 ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ.മുത്തുനായകം സര്‍ക്കാരിനും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും കത്തു നല്‍കുകയായിരുന്നു.
റാന്നിയിലെ ഒരു മുന്‍ എംഎല്‍എയുടെയും നിലവിലെ ഒരു കെപിസിസി സെക്രട്ടറിയുടെയും ബന്ധുവായ ഡോ.കെ.പി.ജോയിയെ ചെയര്‍മാനായി നിയമിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതിനു പിന്നില്‍. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി സ്വദേശിയായ കെ.പി.ജോയിക്ക് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി ചെയര്മാനാവുന്നതിനുള്ള യോഗ്യതയെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ചിരുന്നു.
അതോറിറ്റിയിലെ മറ്റൊരംഗമായ പി.ശ്രീകണ്ഠന്‍നായരുടെ നിയമനവും വിവാദമായിരുന്നു. മലിനീകരണനിയന്ത്രണബോര്‍ഡിലെ എന്‍വയോണ്‍മെന്റല്‍ അസിസ്റ്റന്റ് സയന്റിസ്റ്റായിരുന്ന ഈ ഉദ്യോഗസ്ഥനെ പരിസ്ഥിതി വ്യതിയാന വകുപ്പില്‍ ഡയറക്ടറായി നിയമിച്ചത് കോണ്‍ഗ്രസ് എംഎല്‍എയായ എം.എ.വാഹീദിന്റെ ശുപാര്‍ശയിലായിരുന്നു. പരിസ്ഥിതി വ്യതിയാനവകുപ്പ് ഡയറക്ടര്‍ എന്ന നിലയിലാണ് ശ്രീകണ്ഠന് നായര്‍ സമിതിയിലെത്തിയത്. 2012 ജനുവരി 7നാണ് ഇതുസംബന്ധിച്ച ശുപാര്‍ശകത്ത് എംഎല്‍എ നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശവും നല്കി. ശ്രീകണ്ഠന്‍നായര്‍ ഒറ്റയ്ക്ക് പോയി പരിശോധിച്ചാണ് ആറന്മുള വിമാനത്താവളത്തിനനുകൂലമായ പരിസ്ഥിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയത്. മുത്തുനായകം രാജിവച്ചശേഷം കെ.പി.ജോയിയും ശ്രീകണ്ഠന്‍നായരും സമിതിയിലെ മെമ്പര്‍ സെക്രട്ടറിയായ വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയുമടങ്ങുന്ന കമ്മറ്റി 17 ക്വാറികള്‍ക്കും അഞ്ച് ബഹുനിലകെട്ടിടങ്ങള്ക്കും നിരവധി കേന്ദ്രങ്ങളില്‍ മണ്ണെടുപ്പിനും അനുവാദം നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കെ.പി.ജോയി ചെയര്മാന് സ്ഥാനം അംഗീകരിച്ചുകൊണ്ടുള്ള പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ യോഗം നടന്നത്. ഫെബ്രുവരി 19ന് ഡോ.കെ.പി.ജോയിയെ ചെയര്‍മാനായി അംഗീകരിച്ചുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കെ.പി.ജോയി ചെയര്‍മാനായും സുഭാഷിണി അംഗമായും ഫെബ്രുവരി 28ന് അതോറിറ്റിയുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്ശയിന്മേല് സുപ്രധാന സമിതിയായ പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടന കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: