ന്യൂദല്‍ഹി: അഴിമതിയുടെ അക്ഷരമാലയാണ് കോണ്‍ഗ്രസെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണെന്നും സ്വന്തം സര്‍ക്കാര്‍ അഴിമതികളില്‍ മുങ്ങിക്കുളിച്ചുനില്ക്കുമ്പോള് അവര്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നുവെന്നും മോദി ചോദിച്ചു. പഞ്ചാബിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എബിസി എന്ന നാമധേയംതന്നെ കോണ്‍ഗ്രസ് മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ‘എ’എന്നാല്‍ ആദര്‍ശ് കുംഭകോണവും ‘ബി’ ബോഫോഴ്സ് അഴിമതിയും ‘സി’ കോള്‍ (കല്‍ക്കരി) കുംഭകോണവുമാണ്, മോദി പരിഹസിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പ്രഖ്യാപിച്ചു.
ഒറ്റ സിഖുകാരനും ഗുജറാത്ത് വിടേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടിക്കൊണ്ട് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജിച്ച് ഭരിക്കല്‍ തന്ത്രത്തിന് അന്ത്യംകുറിച്ചുകൊണ്ട് പഞ്ചാബില്‍ തുടരുന്ന ബിജെപി-അകാലിദള്‍ സഖ്യം ഹിന്ദു-സിഖ് ഐക്യത്തിന്റെ പ്രതീകമാണെന്നും മോദി അഭിപ്രായപ്പെട്ടു.
അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ കണ്ണില്‍ പൊടിയിടുകയല്ല, പകരം കുരുമുളക് സ്പ്രേ അടിക്കുകയാണ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ സമ്പത്തിന്റെ കാവല്‍ക്കാരനായി താന്‍ തുടരുമെന്നും ഖജനാവിനുമേല്‍ കൈപ്പത്തിയുടെ നിഴല്‍ വീഴാന്‍ പോലും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
പത്ത് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നിട്ടും നടപ്പാക്കാതിരുന്ന ഒരു റാങ്കിന് ഒരു പെന്ഷന് ഇപ്പോള്‍ വളരെ വൈകി നടപ്പാക്കുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചു. രാജ്യത്തെ സായുധസേനകളെ വച്ച് പ്രഹസനം നടത്തുകയായിരുന്നു കോണ്‍ഗ്രസ്. ഒരു റാങ്കിന് ഒരു പെന്ഷന് നടപ്പാക്കുമെന്ന് കോണ്‍ഗ്രസിന്റെ ധനമന്ത്രി നിരവധിതവണ പ്രഖ്യാപിച്ചെങ്കിലും വാക്കുപാലിച്ചില്ല. 2004 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയിരുന്നെങ്കില്‍ പത്തുവര്‍ഷം മുമ്പ് ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കുമായിരുന്നുവെന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന യുപിഎ ഘടകകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രശംസിക്കാനും മോദി മറന്നില്ല. ഭരണം എങ്ങനെ നടത്തണമെന്ന് അറിയാവുന്നയാളാണ് യുപിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയെന്ന് മോദി പറഞ്ഞു. ബന്‍സിലാല്‍, പ്രകാശ്സിംഗ് ബാദല്‍, ഓംപ്രകാശ് ചൗത്താല, ഫറൂഖ് അബ്ദുള്ള എന്നിവരുമൊത്ത് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭരണയന്ത്രം തിരിക്കുന്ന കാര്യത്തില്‍ ബാദല്‍ സാഹിബില്‍നിന്ന് വളരെയേറെ പഠിച്ചിട്ടുണ്ട്, മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: