കൊച്ചി: സാധാരണ പോലീസുകാരുടെ പിആര്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ അദാലത്തുകള്‍ നടത്തി പരിഹരിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിലായിരിക്കും അദാലത്തുകള്‍ നടത്തുകയെന്നും മാര്‍ച്ചു മാസത്തോടുകൂടി ഇത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കരയില്‍ പുതിയതായി ആരംഭിച്ച പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 20 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും ഒപ്പം ഫയര്‍ഫോഴ്സ് ജയില്‍ ജീവനക്കാരെക്കൂടി പദ്ധതിയിലുള്‍പ്പെടുത്താനുള്ള നടപടികളും ഇതോടൊപ്പം നടന്നുവരുന്നു. ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തി വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ട്.
പോലീസിനെ ജനസൗഹൃദമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുമായി ഏറ്റവും അടുത്തിടപെട്ട് അവരുടെ ദുഖങ്ങളിലും പ്രയാസങ്ങളിലും പങ്കാളികളാകുന്ന സേവനസന്നദ്ധതയുള്ള സേനയാക്കി പോലീസിനെ മാറ്റും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു പലപ്പോഴും വിമര്‍ശനങ്ങള്‍ മാത്രമാണു ലഭിക്കുന്നത്. ഏലൂര്‍ പോലീസ് സ്റ്റേഷനെ കളമശേരി സര്‍ക്കിളിലും എളമക്കര സ്റ്റേഷനെ നോര്‍ത്ത് സര്‍ക്കിളിലും ഉള്‍പ്പെടുത്താനുള്ള നടപടികളും കൈക്കൊള്ളുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹനാന് എംഎല്‍എ, കൊച്ചി റേഞ്ച് ഐജി എം.ആര്. അജിത്കുമാര്‍, ദക്ഷിണ മേഘലാ എഡിജിപി കെ. പത്മകുമാര്‍, സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ.ജി. ജയിംസ്, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: