വീട്ടിലേക്ക് വരുമ്പോള്‍ അവിടെയും ഔദ്യോഗികഭാവവും ഭാരവും പേറി നടക്കുകയാണ് നമ്മള് ചെയ്യുന്നതെങ്കില്‍ നാം സ്വയം ജീവിതത്തില്‍ നിന്നകലുകയാണ്. വീട്ടില്‍ നമ്മുടെ പദവിക്കും പഠിത്തത്തിനുമല്ല പ്രാധാന്യം. അവിടെ ഓഫീസിലെന്നപോലെ ഗൗരവവും അധികാരവും എടുത്താല്‍ ജീവിതം എത്ര മുഷിപ്പനായിത്തീരും. വീട്ടിലെത്തുമ്പോള്‍ ഭാര്യയോടോ മക്കളോടോ ഒരു പുഞ്ചിരിയോ നോട്ടമോ പോലും പങ്കിടാതെ നേരെ തന്റെ ജോലി ചെയ്യാനുള്ള മുറിയിലേക്ക് കയറി കതകടച്ചാല്‍ അവിടെ എന്തു കുടുംബജീവിതമാണ് ഉള്ളത്. മറ്റ് കുടുംബാംഗങ്ങള്‍ക്ക് മനഃപ്രയാസവും മാനസിക അകല്ച്ചയുമുണ്ടാക്കാനേ ഇത്തരം പ്രവൃത്തികള്‍ സഹായിക്കൂ. ക്രമേണ അവരുടെ മുഖങ്ങളിലും പുഞ്ചിരി വിടരാതെയാകും. വീട്ടിലെത്തിയിട്ടും താടിക്ക് കൈയും കൊടുത്ത് തന്റെ ജോലിയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഗൃഹനാഥന് ഭര്‍ത്താവെന്ന നിലയില്‍, അച്ഛനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതുമൂലം ഭാര്യയും മക്കളും ഒറ്റപ്പെടുന്നു, അവര്‍ക്കിടയിലും ടെന്‍ഷനും അകല്‍ച്ചയും ഉണ്ടാകുന്നു. എല്ലാവര്ക്കും കുടുംബ ജീവിതം വിരസവും തണുത്തതുമായി അനുഭവപ്പെടുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: