236. കാലകാലസമഃ – കാലകാലനു തുല്യനായവന്‍. കാലകാലന്‍ – കാലനെ വധിച്ച ശ്രീപരമേശ്വരന്. ശ്രീപരമേശ്വരന് തുല്യം ശക്തനും കാലനിയാമകനുമാണ് ബലരാമനെന്ന് നാമം സ്ഥാപിക്കുന്നു. ശിവനും ബലരാമനും ഒരേ ചൈതന്യത്തിന്റെ ഭിന്നഭാവങ്ങള്‍ മാത്രമാണല്ലോ.
237. സുധീഃ – നല്ല ചിന്തകളുള്ളവന്. വിദ്വാനും ജ്ഞാനിയും ലോകത്തിന് നന്മ വരുത്താന്‍ ആഗ്രഹിക്കുന്നവനും എന്നു വ്യാഖ്യാനം.
238. ആദിശേഷഃ – ആദിശേഷന്, സര്‍പ്പരാജാവായ അനന്തന്. മഹാവിഷ്ണുവിന്റെ ആധാരശക്തിയായ മൂര്‍ത്തി. എല്ലാത്തിനും ആദികാരണവും കല്‍പ്പാന്തത്തിലും നശിക്കാതെ ശേഷിക്കുന്നവനുമാകയാല് ആദിശേഷന് എന്ന് പേര്. അവസാനമില്ലാത്തവനാകയാല് അനന്തന് എന്നും പേര്. യോഗനിദ്രയില്‍ വിഷ്ണുഭഗവാന്റെ ശയ്യയായി വര്‍ത്തിക്കുന്നത് ഭഗവാന് ആധാരമൂര്‍ത്തിയായ ആദിശേഷനാണ്. ആദിശേഷന്റെ ആയിരം ഫണങ്ങളില്‍ കടുകുമണികള്‍പോലെ ലോകങ്ങള്‍ പറ്റിയിരിക്കുന്നതായി പുരാണങ്ങള്‍ പറയുന്നു. ആദിശേഷന്റെ ആയുധങ്ങള്‍ കലപ്പയും നുകവുമാണെന്ന് പുരാണങ്ങള്‍. ബലരാമനായി അവതരിച്ചപ്പോഴും അതേ ആയുധങ്ങള്‍ തന്നെയായിരുന്നുമുഖ്യം.
239. മഹാകായഃ വളരെ വലുപ്പവും ബലവുമുള്ള ശരീരമുള്ളവന്.
ലോകങ്ങളെ കടുകുമണികളെന്നപോലെ താങ്ങുന്നവനും ആദിയും അനന്തവും ഇല്ലാത്തവനുമായ ആദിശേഷന് മഹകായനാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. ബലരാമാവതാരത്തിലും അസാധാരണമായ ശരീരശക്തി ഭഗവാന് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹസ്തിനപുരത്തെ വലിച്ചുചരിച്ചതും കാളിന്ദിയെ വലിച്ചടുപ്പിച്ചതും പ്രലംബന്റെ തല തകര്‍ത്തതും നാം കണ്ടു. അദൃശ്യനായ ജരാസന്ധനെ പിടിച്ചുകെട്ടിയത് മറ്റൊരു ഉദാഹരണം. ശ്രീകൃഷ്ണന്റെ നിര്‍ബന്ധം കൊണ്ടുവിട്ടയയ്ക്കുകയായിരുന്നു.
240. സര്‍വലോകധുരന്ധരഃ – എല്ലാ ലോകങ്ങളുടെയും ഭാരം വഹിക്കുന്നവന്. (ധുരം – ഭാരം; ധരഃ – ധരിക്കുന്നവന്). ആദിശേഷന് തന്റെ ഫണങ്ങളില്‍ എല്ലാ ലോകങ്ങളെയും ധരിക്കുന്നത് മുന്‍പ് പറഞ്ഞു. ഭഗവാന്റെ കിടക്കയായി വര്‍ത്തിക്കുമ്പോഴും എല്ലാ ലോകങ്ങളെയും വഹിക്കുകയാണ്. വിഷ്ണു ഭഗവാന്റെ ഉള്ളിലാണ് സമസ്തബ്രഹ്മാണ്ഡങ്ങളും. ആ ഭഗവാന്റെ ഭാരം താങ്ങുന്ന ആദിശേഷന് സര്‍വലോകത്തിന്റെയും ഭാരമാണ് താങ്ങുന്നത്. ആദിശേഷന്റെ അവതാരമായ ബലരാമനും സദാ ധുരന്ധരനായി ശ്രീകൃഷ്ണന് താങ്ങായി വര്‍ത്തിച്ചിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: