പാസീഗഡ്: ഭൂമി പിടിച്ചെടുക്കാനുള്ള മോഹം വെടിഞ്ഞ് ചൈന നല്ല അയല്‍ക്കാരാകാന്‍ ശ്രമിക്കണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. അരുണാചല്‍പ്രദേശിലെ പാസീഗഡില് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരു ശക്തിക്കും അരുണാചല്‍ പ്രദേശിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല. രാജ്യവികസന മോഹം കളഞ്ഞ് ചൈന സമാധാനത്തിെന്റയും പുരോഗതിയുടേയും പാതയില്‍ ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നും അങ്ങനെ തന്നെയായിരിക്കും. ഒരു ശക്തിക്കും അരുണാചലിനെ നമ്മില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കില്ല. അരുണാചലുകാര്‍ ചൈനയെ പേടിച്ച് കഴിയേണ്ടതല്ല. ഈ നാടിനെ മുന്‍നിര്‍ത്തി ഞാന്‍ ആണയിടുന്നു, ഈ നാട് ഇല്ലാതാകാന്‍, ഈ നാടിനെ തകര്‍ക്കാന്‍, ആരെയും ഞാന്‍ അനുവദിക്കില്ല. വന്‍ കരഘോഷത്തിനിടെ മോദി പറഞ്ഞു.
ജനങ്ങള്‍ കാവല്ഭടന്മാരെപ്പോലെ നിന്നതിനാലാണ് അരുണാചല്‍ ഇന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്നത്. 62ല്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കടന്നപ്പോള്‍ അരുണാചലിലെ ജനങ്ങള്‍ ധീരമായാണ് അതിനെ പ്രതിരോധിച്ചതും ഉചിതമായ തിരിച്ചടി നല്കിയതും. കാര്‍ഗില്‍ യുദ്ധകാലത്ത് ഇവിടെ നിന്നുള്ള അനവധി സൈനികരാണ് പാക്കിസ്ഥാനെതിരെ പോരാടിയിത്. മോദി പറഞ്ഞു.
അരുണാചലില്‍ നിന്നുള്ള എംഎല്‍എയുടെ മകന് നിഡോ താനിയ ദല്‍ഹിയില്‍ കൊല്ലപ്പെട്ട കാര്യവും മോദി പരാമര്‍ശിച്ചു. അവിടെ നിന്നുള്ളവരെ രക്ഷിക്കേണ്ടത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും ചുമതലയാണ്, മോദി ഓര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: