ഒരിക്കല്‍ കൗരവര്‍ യാദവരെ ആക്ഷേപിച്ചതില്‍ കോപിച്ച് അദ്ദേഹം കലപ്പകൊണ്ടു കൊളുത്തിവലിച്ചപ്പോള് ഹസ്തിനപുരം ഇളകിച്ചരിഞ്ഞതായി പുരാണങ്ങള്‍ പറയുന്നു. മുസലം ഉലക്കയാണ്. ഗദപോലെ ഉപയോഗിക്കാവുന്ന ഇരുമ്പുലക്കയും ഭഗവാന് ഇഷ്ടപ്പെട്ട ആയുധമായിരുന്നു.
232. സദാമദഃ – എപ്പോഴും മദമുള്ളവന്. മദ്യംപോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ബുദ്ധിഭ്രംശവും ശരീരനിയന്ത്രണമില്ലായ്മയും മദമാണ്. തന്റെ കഴിവുകളെക്കുറിച്ചുണ്ടാകുന്ന അഹങ്കാരവും മദമാണ്. ആത്മാനന്ദത്തില്‍ മുഴുകുന്ന യോഗി അനുഭവിക്കുന്ന വിഷയബന്ധമില്ലാത്ത സുഖാനുഭവവും മദമാണ്. ബലരാമാവതാരത്തില് ഭഗവാന് ഓരോ സന്ദര്‍ഭത്തില്‍ ഓരോ തരത്തിലുള്ള മദമുള്ളവനായി പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാം ചേര്‍ത്താണ് ‘സദാമദഃ’ എന്ന പ്രയോഗം.
ബലരാമന്റെ വീര്യം പ്രകടമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഭാഗവതത്തിലുണ്ട്. ഒരുദാഹരണം അടുത്ത നാമത്തില്‍ തന്നെയുണ്ട്.
234. പ്രലംബാസുരഭഞ്ജകഃ – പ്രലംബന് എന്ന അസുരനെ നശിപ്പിച്ചവന്.
ശ്രീകൃഷ്ണനും ബലരാമനും കുട്ടികളായി കാലികളെ മേച്ചുനടന്ന കാലത്തെ കഥയാണ്. ഒരിക്കല്‍ കംസന്റെ അനുയായിയായ പ്രലംബന് എന്ന അസുരന് ഗോപാലബാലന്റെ രൂപത്തില്‍ കുട്ടികളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ശ്രീകൃഷ്ണനെയും ബലരാമനെയും വധിക്കുകയായിരുന്നു ലക്ഷ്യം. അവനെ തിരിച്ചറിഞ്ഞുവെങ്കിലും അറിയാത്തമട്ടില്‍ ശ്രീകൃഷ്ണന് ഒരു ദ്വന്ദ്വയുദ്ധമത്സരക്കളി നടത്തി. ഇടയക്കുട്ടികളെ രണ്ടു കക്ഷിയായി തിരിച്ചു. ഒന്ന് കൃഷ്ണന്റെ നേതൃത്വത്തിലും ഒന്ന് ബലരാമന്റെ നേതൃത്വത്തിലും. പ്രലംബന് കൃഷ്ണന്റെ കക്ഷിയിലായിരുന്നു. രണ്ടുകക്ഷിയില് നിന്നും ഓരോരുത്തര് മുന്നിലേക്കു വരും. അവര്‍ തമ്മില്‍ ദ്വന്ദ്വയുദ്ധം നടത്തും. തോല്‍ക്കുന്ന കുട്ടി ജയിച്ചവനെ ചുമന്ന് നടക്കണം എന്നതായിരുന്നു വ്യവസ്ഥ. ദ്വന്ദ്വയുദ്ധത്തില്‍ ശ്രീകൃഷ്ണന് ശ്രീദാമാവിനോട് തോറ്റതായി അഭിനയിച്ച് ശ്രീദാമാവിനെ ചുമന്നുനടന്നു. തോറ്റ പലരും ജയിച്ചവരെ ചുമന്ന് നടക്കുന്ന രസത്തിനിടയില്‍ പ്രലംബനെ ബാലരാമന് തോല്‍പ്പിച്ചു. അസുരന് ബാലരാമനെ തോളിലേറ്റി വളരെയകലെ കൊണ്ടുപോയി. മറ്റുള്ളവരുടെ കണ്ണില്പ്പെടാത്തയിടത്തുകൊണ്ടുപോയി വധിക്കുകയായിരുന്നു ലക്ഷ്യം. ഇത് മനസ്സിലാക്കിയ ബലരാമന് തന്റെ ശരീരഭാരം വര്‍ധിപ്പിച്ചു. ഭാരം താങ്ങാനാകാതായപ്പോള് പ്രലംബന് ത ന്റെ രാക്ഷസരൂപം സ്വീകരിച്ചു. ബലരാമന് തന്റെ മുഷ്ടിതാഡനം കൊണ്ട് അവനെ പൊടിച്ചുകളഞ്ഞു.
നാരായണീയം 57-ാം ദശകം ഈ സംഭവം വിവരിക്കുന്നു.
57. കാളിന്ദീദര്പ്പശമനഃ കാലകാലസമഃ സുധീ
ആദിശേഷാ മഹാകായഃ സര്‍വലോകധുരന്ധരഃ
നാമം: 255. കാളിന്ദീദര്പ്പശമനഃ – കാളിന്ദിയുടെ ദര്‍പ്പം ശമിപ്പിച്ചവന്‍.
മഥുരാപുരിയില്‍ വസിക്കുന്ന കാലത്ത് ഒരിക്കല്‍ തന്റെ ബാല്യകാലസുഹൃത്തുക്കളെ കാണാനായി ബാലരാമന് അമ്പാടിയില്‍ തിരിച്ചെത്തി. രണ്ടുമാസക്കാലം അദ്ദേഹം അവിടെ കഴിഞ്ഞു. ഒരു ദിവസം കാളിന്ദീതീരത്ത് ഗോപികമാരുമായി വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അവരോടൊപ്പം ജലക്രീഡ ചെയ്യണമെന്ന് തോന്നി. അദ്ദേഹം കാളിന്ദീനദിയെ തന്റെ അടുക്കലേക്ക് വിളിച്ചു. എന്നാല്‍ ബലരാമനെ കാളിന്ദി അനുസരിച്ചില്ല. ക്രുദ്ധനായ ബലരാമന് തന്റെ ഹലായുധം കൊണ്ട് കാളിന്ദിയെ വലിച്ചടുപ്പിച്ചു. ഭയവിഹ്വലയായ കാളിന്ദി ബലരാമന്റെ അടുക്കലെത്തി മാപ്പപേക്ഷിച്ച് അദ്ദേഹത്തെ ജലക്രീഡ ചെയ്യാന്‍ അനുവദിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: