നാഗോപാസന ജീവിത വ്രതമാക്കിയ തപസ്വിനി മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം ശതാഭിഷേക നിറവിലാണിപ്പോള്‍. തിങ്കളാഴ്ച 84 തികയുമ്പോള്‍ ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്‍കുളിര്‍ക്കെ കണ്ട അമ്മയ്ക്ക് ജന്മസാഫല്യമായി കിട്ടിയ നാഗദൈവങ്ങളുടെ അനുഗ്രഹം ഭക്തരിലേക്ക് പ്രവഹിക്കപ്പെടുകയാണ്. കഠിനതപസ്സിലൂടെ ക്ഷേത്രപൂജാരിണിയായി തീര്‍ന്ന അമ്മയുടെ ജന്മപുണ്യം മണ്ണാറശാലക്കാവുകളിലെത്തുന്നവര്ക്ക് രണ്ടുപതിറ്റാണ്ടായി ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.
അമ്മയുടെ പ്രഭാതം വിരിയുന്നത് നാഗപൂജയ്ക്കുവേണ്ടിമാത്രമാണ്. പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റ് ജലപാനം പേലും ഇല്ലാതെ ആറുമണിക്ക് ആരംഭിക്കുന്ന പൂജ അവസാനിക്കുമ്പോള്‍ ഒരു മണിയാകും. പൂജ കഴിഞ്ഞ് ലഘു ഭക്ഷണം. രാത്രി ഒന്‍പതിന് കിടക്കുന്നതുവരെ നാഗോപാസനയും ഭക്തര്‍ക്ക് ദര്‍ശനവും.
അമ്മ ഇല്ലത്തെ നാലുകെട്ടിലാണ് താമസിക്കുക. നിലവറയുടെ സമീപം ഉറക്കം ഇത് തലമുറകളിലൂടെ കൈമാറി വന്ന വിശ്വാസം. ഇല്ലത്തെ നിലവറയില്‍ ചിരഞ്ജീവിയായി വാഴുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സര്‍പ്പദൈവങ്ങളുടെ സമീപം അമ്മ വേദമന്ത്രോച്ചാരണങ്ങളുമായി കഴിയുന്നു.
മണ്ണാറശാലയിലെ വലിയമ്മയായി ചിത്രത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സാവിത്രി അന്തര്‍ജ്ജനം 91-ാമത്തെ വയസ്സില്‍ 1993 ഒക്ടോബര്‍ 24ന് സമാധിയടഞ്ഞതോടെയാണ് അന്നത്തെ ചെറിയമ്മയായ ഉമാദേവി വലിയമ്മയായി അവരോധിക്കപ്പെട്ടത്.
ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാര് വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്. കോട്ടയം വാങ്ങാനം ചെമ്പകല്ലൂര്‍ ഇല്ലത്തെ സുബ്രഹ്മണ്യന് നമ്പൂതരിയുടേയും രുഗ്മിണിഅന്തര്‍ജനത്തിന്റെയും മകളായി 1930 കുംഭമാസത്തിലെ മൂലം നാളില്‍ ജനിച്ച ഉമാദേവിയെ 22-ാം വയസ്സിലാണ് മണ്ണാറശാല ഇല്ലത്തെ എം.ജി. നാരായണന് നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നത് 1951 ല്‍.
ആറുവര്‍ഷത്തെ ദാമ്പത്യത്തില്‍ ഒരുമകള്‍ മാത്രം. ഭര്‍ത്താവിന്റെ മരണശേഷം മുഴുവന്‍ സമയവും അന്നത്തെ ക്ഷേത്ര പൂജാരിണിയായ വലിയമ്മയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു ഉമാദേവി. 34 വര്‍ഷം വലിയമ്മയുടെ എല്ലാക്കാര്യത്തിലും ഒപ്പം നിന്ന ഉമാദേവി 1993 ലെ വിജയദശമിദിനത്തില്‍ വലിയമ്മസ്ഥാനത്തിന്റെ പടിയിലേക്ക് കയറുകയായിരുന്നു.
മലയാള മാസത്തിലെ പൂയം നാളുകള്‍, കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് മുന്നോടിയായുള്ള 12 ദിവസങ്ങള്‍, മാഘമാസം ഒന്നുമുതല്‍ ശിവരാത്രി തലേന്ന് വരെ, കര്‍ക്കിടകം ഒന്നു മുതല്‍ 12 വരെ എന്നീ ദിവസങ്ങളില്‍ അമ്മയാണ് പൂജ കഴിക്കുക. ശിവരാത്രി പിറ്റേന്ന് അമ്മ നിലവറ തുറന്ന് നൂറുംപാലും നടത്തും. കന്നി, തുലാം, കുംഭം മാസങ്ങളില്‍ ആയില്യം നാളില്‍ നാഗരാജാവിനെ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ച് ഇല്ലത്തെ നിലവറയില്‍ പ്രതിഷ്ഠിച്ച് അമ്മ നൂറും പാലും നടത്തും.
രണ്ടുദിവസത്തെ ശതാഭിഷേക ചടങ്ങുകള്‍ വേദവിധിപ്രകാരമുള്ള ചടങ്ങുകള്‍ കൊണ്ട് നിറയും. പടിഞ്ഞാറെ പുല്ലാംവഴി ദേവന് കൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പൂജാരിമാര്‍ ഹോമങ്ങളും പൂജകളും നടത്തും. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയാണ് അമ്മയുടെ പിറന്നാള്‍ ദിനത്തിലെ പൂജകള്‍ നടത്തുക. അമ്മയെ ദര്‍ശിച്ച് പിറന്നാളിന്റെ മഹത്വം അനുഭവിക്കാന്‍ ആയിരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.
ഗണേശന് കാര്‍ത്തികപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: