ന്യൂദല്‍ഹി: പതിനഞ്ചാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു. സംഘര്‍ഷങ്ങള്‍ നിറഞ്ഞ സമ്മേളനകാലത്തിനു ശേഷം പരസ്പ്പരം മാപ്പു പറഞ്ഞും ആശംസകള്‍ നേര്‍ന്നും വൈകാരികാന്തരീക്ഷ ത്തിലായിരുന്നു അവസാന ദിനം. പൊതു തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ വരുന്ന പുതിയ ലോക്സഭ ജൂണില്‍ സമ്മേളിക്കും.
ലോക്സഭകളുടെ ചരിത്രത്തിലെ മികച്ച സഭയായിരുന്നില്ല പതിനഞ്ചാം സഭയെന്ന് സമ്മതിച്ച സ്പീക്കര്‍ മീരാകുമാര്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 151 ബില്ലുകള്‍ സഭ പാസാക്കിയതായി അറിയിച്ചു. നിരവധി പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സഭ സമ്മേളിച്ചതെന്നും വനിതാ സ്പീക്കറെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാ അംഗങ്ങളും പിന്തുണ നല്‍കിയതായും അവര്‍ പറഞ്ഞു.
രാജ്യത്തെ പുതിയ പാതയിലേക്ക് നയിക്കാന്‍ കഴിയുന്ന നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ് പൊതു തെരഞ്ഞെടുപ്പെന്നും തെലങ്കാന ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ളതാണ് രാജ്യത്തെ സംവിധാനങ്ങളെന്ന് തെളിഞ്ഞെന്നും ലോക്സഭയില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു.
എല്ലാവര്ക്കും വിജയാശംസ നേരുന്നില്ലെന്നും പകരം ആയുരാരോഗ്യം നേരുകയാണെന്നും പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഭരണപക്ഷനേതാക്കളേയും സുഷമാ സ്വരാജ് അഭിനന്ദിച്ചു. അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുഷമാ സ്വരാജ് പ്രസംഗത്തില്‍ പറഞ്ഞു.
ലോക്സഭയുടെ പിതാവായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വിശേഷിപ്പിച്ച് സിപിഎം നേതാവ് ബസുദേവാചാര്യ നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനെ സഭയുടെ സഹോദരിയായും സിപിഎം നേതാവ് വിശേഷിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ അഭിനന്ദനങ്ങള്‍ പലപ്പോഴും എല്‍.കെ. അദ്വാനിയുടെ കണ്ണുകളെ നിറയ്ക്കുന്നതും കാണാമായിരുന്നു.
അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന ബില്ല് പാസാക്കി രാജ്യസഭയും ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. അഴിമതി വിരുദ്ധ ബില്ലുകള്‍ എല്ലാം പാസാക്കാനാവാത്തതിനാല്‍ അടുത്ത ദിവസങ്ങളിലായി ഓര്‍ഡിനന്‍സുകള്‍ വഴി ബില്ല് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: