ന്യൂദല്‍ഹി: ആധാറും പാചകവാതകവും തമ്മില്‍ ബന്ധിപ്പിച്ച നടപടി ഒരാഴ്ചക്കുള്ളില്‍ പിന്‍വലിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ലോക്സഭയില്‍ അറിയിച്ചു. പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിച്ചെന്ന ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. ആധാര്‍ അക്കൗണ്ട് ഇല്ലാതെ ഇനി സബ്സിഡി നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങാം. അറിയിപ്പ് പുറത്തിറങ്ങുന്നതോടെ നിലവിലെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ചോദ്യോത്തരവേളയില്‍ നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
നിലവില്‍ സബ്സിഡി സിലിണ്ടറുകള്‍ ആധാര്‍ ഇല്ലാതെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സബ്സിഡി തുക ഉപഭോക്താവിന് നേരിട്ട് നല്കുന്ന പദ്ധതിക്ക് ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സബ്സിഡി തുകയായി ഒരു സിലിണ്ടറിനു ലഭിക്കുന്ന 435 രൂപ യഥാര്‍ത്ഥ സബ്സിഡിത്തുകയായ 700 രൂപയുമായി താര്യതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണ് സൃഷ്ടിച്ചതെന്നും പദ്ധതി നിര്‍ത്തിയതിനു ന്യായീകരണമായി മന്ത്രി പറഞ്ഞു. സബ്സിഡി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും പെട്രോളിയം മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗജന്യം നേരിട്ട് നല്കല്(ഡിബിറ്റി) പദ്ധതിപ്രകാരം 4.86 കോടി അക്കൗണ്ടുകളാണ് പുതിതായി തുടങ്ങിയത്. 2.06 കോടി കുടുംബങ്ങളാണ് സബ്സിഡി സിലിണ്ടറുകള്‍ സ്വീകരിച്ചത്. ഒരു കുടുംബത്തില്‍ രണ്ട് കണക്ഷനുകളുള്ളതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നും ഉപഭോക്താവില്‍ നിന്നും വാങ്ങുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ വിലാസത്തില്‍ ഗ്യാസ് കണക്ഷന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: