ജയ്പൂര്‍: ഭാരതീയ മസ്ദൂര്‍ സംഘം(ബിഎംഎസ്) 17-ാം അഖിലേന്ത്യാ സമ്മേളനം രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിച്ചു. ജയ്പൂര്‍ ആദര്‍ശ് നഗര്‍ സൂരജ് മൈതാനിയില്‍ രാവിലെ 10.30 ന് ബിഎംഎസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അഡ്വ സി.കെ.സജിനാരായണന്‍ പതാക ഉയര്‍ത്തി.
ആര്‍എസ്എസ് അഖിലഭാരതീയ സര്‍കാര്യവാഹ് സുരേഷ് ജോഷി ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതം എല്ലാ രംഗത്തും മികച്ച പുരോഗതി കൈവരിച്ച രാജ്യമാണ്. വിവര സാങ്കേതിക രംഗത്തും ചികിത്സാ രംഗത്തും ശാസ്ത്ര-സാങ്കേതിക രംഗത്തും ഭാരതീയര്‍ ഏറെ മികവു പുലര്‍ത്തുന്നു. കാര്‍ഷികോല്‍പ്പാദനം ഒട്ടും മോശമല്ല. നമ്മുടെ യുവാക്കള്‍ മികച്ച ക്രിയാശേഷി പുലര്‍ത്തുന്നവരാണ്. ഇതെല്ലാം നമുക്ക് ആവേശവും ആത്മവിശ്വാസവും നല്കുന്നതാണെങ്കിലും തിളക്കമില്ലാത്ത ഒരു മറുവശം ഇതിനുണ്ട്. രാജ്യത്തെ 35% ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. ലക്ഷക്കണക്കിനു ഗ്രാമങ്ങളില്‍ വിദ്യാലയങ്ങളില്ല. ശുദ്ധജലവും ആശുപത്രികളും ഇല്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ് അടിയന്തിരാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷതവഹിച്ചു. ഐ.എല്‍.ഒ ഡയറക്ടര്‍ മിസ് ടിനോ സ്റ്റര്മോസ് , വിവിധ ട്രേഡ് യൂണിയന് നേതാക്കളായ അമര്‍ജിത് കൗര്‍(എഐടിയുസി), ഹര്ഭജന്സിംഗ്സിദ്ദു (എച്ച്എംഎസ്), ദേബ്റായ് (സിഐടിയു), എസ്.ഡി.തിവാരി(ടിയുസിസി, ജഗദീഷ്ഠജ്ശ്രീമാലി (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഗോപാല്‍ ശര്‍മ്മ സ്വാഗതവും ബിഎംഎസ് രാജസ്ഥാന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ്ബിഹാരി ശര്‍മ്മ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നഗരത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നു.
സാമൂഹ്യ സുരക്ഷാ പദ്ധതി എല്ലാ തൊഴിലാളികള്‍ക്കും എന്ന ആവശ്യമാണ് സമ്മേളനം ഉയര്‍ത്തുന്നതെന്ന് ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബൈജ്നാഥ് റായ് പറഞ്ഞു. ഇതിനായി രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 10ന് എല്ലാ ജില്ലകളിലും പ്രകടനം നടത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പറഞ്ഞു. ദേശീയ സമ്മേളനം 23 ന് സമാപിക്കും.
കേരളത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ എം.പി.ഭാര്ഗ്ഗവന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ മഹിളകളടക്കം 79 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: