തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനം ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രിസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ് -സി വോട്ടര്‍ സര്‍വേ ഫലം.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ടു സീറ്റുമാത്രമാവും കോണ്‍ഗ്രസിന് ലഭിക്കുക, സീമാന്ധ്രമേഖലയിലും തെലങ്കാനയിലും ഓരോന്ന് വീതം. 2004ലെ 29ഉം 2009ലെ 33ഉം സീറ്റുകളെന്ന കണക്കുകളില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ കൂപ്പുകുത്തല്‍. സംസ്ഥാനത്തെ വെട്ടിമുറിക്കാനുള്ള പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസാണെന്നു സീമാന്ധ്രയിലെ ജനങ്ങളില്‍ മൂന്നില്‍ രണ്ടുപേരും കരുതുന്നു. അതിനൊപ്പം തെലങ്കാന രൂപീകരണത്തിന്റെ ക്രെഡിറ്റും കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. ടിആര്‍എസിന്റെ (തെലങ്കാന രാഷ്ട്ര സമിതി) ശ്രമഫലമായാണ് തങ്ങള്‍ ലക്ഷ്യത്തിലെത്തിയതെന്ന് തെലങ്കാനക്കാരില് ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. രണ്ടിടത്തും കോണ്‍ഗ്രസ് പച്ചതൊടില്ലെന്ന് സാരം.
തെലങ്കാന ടിആര്‍എസും സീമാന്ധ്രയില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനും വ്യക്തമായ ആധിപത്യം ലഭിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നു. നേതാക്കളുടെ കാര്യമെടുത്താല്‍ ജഗനും ചന്ദ്രശേഖര റാവുവിനുമാണ് മുന്‍തൂക്കം. സീമാന്ധ്രയിലെ നല്ലൊരു ശതമാനംപേരും ജഗനെ പിന്തുണയ്ക്കുമ്പോള്‍ തെലങ്കാനക്കാരിലധികവും ടിആര്‍എസ് നേതാവിന് പിന്നില്‍ അണിനിരക്കുന്നു. രണ്ടിടങ്ങളിലും രണ്ടാം സ്ഥാനത്തുള്ളത് തെലുങ്കുദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായുഡുവാണ്.
ബിജെപി- ടിഡിപി സഖ്യം യാഥാര്‍ത്ഥ്യമായല്‍ അത് ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തും. തെലങ്കാനയിലെ ജനപിന്തുണയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. എന്നാല്‍ സീമാന്ധ്രയില്‍ പാര്‍ട്ടിക്ക് അത്ര സ്വാധീനമില്ല. തെലുങ്കുദേശം പാര്‍ട്ടിയുടെ അവസ്ഥയാകട്ടെ തിരിച്ചും. സീമാന്ധ്രയില്‍ അവര്‍ക്ക് 30 ശതമാനം വോട്ടുണ്ട്; തെലങ്കാനയില്‍ സ്വാധീനമില്ലതാനും. അതിനാല്‍ ഒന്നിച്ചു നിന്നാല്‍ ഇരുവര്‍ക്കും നേട്ടം കൊയ്യാം. പഴയ മുഖ്യമന്ത്രിമാരില്‍ ജനങ്ങള്‍ക്ക് ഏറെപ്രിയം അന്തരിച്ചവൈ.എസ്.രാജശേഖര റെഡ്ഡിയോടാണ്. സീമാന്ധ്രയിലെ 60.1 ശതമാനവും തെലങ്കാനയിലെ 56.2ശതമാനപേരും വൈഎസ്ആറിന്റെ മഹിമകളെ വാഴ്ത്തുന്നു. ജനമനസുകളില്‍ നിറഞ്ഞുനില്ക്കുന്ന മുന്‍ ആന്ധ്രാ മുഖ്യന്മാരില് രണ്ടാമന് ചന്ദ്രബാബു നായിഡുവാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: