ന്യൂദല്‍ഹി: 2012ല്‍ ദല്‍ഹി ലക്ഷ്യമാക്കി കരസേനയുടെ രണ്ടു യൂണിറ്റുകള്‍ നീങ്ങിയത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് അറിവില്ലായിരുന്നെന്ന് മുന്‍ ഡിജിഎംഒ ലഫ്. ജനറല്‍ എ.കെ.ചൗധരിയുടെ വെളിപ്പെടുത്തല്‍. കരസേന യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് നീങ്ങിയത് കേന്ദ്രസര്‍ക്കാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയതായും ചൗധരി ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരും കരസേനയും തമ്മില്‍ ശരിയായ ആശയവിനിമയം ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നെന്നും ലഫ്.ജനറല്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിനെതിരെ മുന്കരസേനാധിപന് ജനറല്‍ വി.കെ സിങ് രംഗത്തെത്തി. ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ നടക്കുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നതെന്ന് വി.കെ.സിങ് പറഞ്ഞു.
2012 ജനുവരി 16,17 തീയതികളില്‍ കരസേനയുടെ രണ്ടു സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് നീങ്ങിയെന്ന വാര്‍ത്ത നേരത്തെ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലൂടെ പുറത്തുവന്നപ്പോള്‍ കേന്ദ്രസര്‍ക്കാരും സൈന്യവും അതു നിഷേധിച്ചിരുന്നു. എന്നാല്‍ അന്ന് മിലിറ്ററി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലായിരുന്ന എ.കെ ചൗധരി പറയുന്നത് സൈനിക യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് നീങ്ങുന്നതറിഞ്ഞ കേന്ദ്രപ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ തന്നെ വിളിച്ചെന്നും അടിയന്തിരമായി സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ്. പ്രായവിവാദത്തില്‍ അന്നത്തെ കരസേനാധിപനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയെ വി.കെ സിങ് സമീപിക്കുന്ന ദിവസം അത്തരത്തിലുള്ള സൈനിക നീക്കം നടക്കരുതായിരുന്നെന്നും ലഫ്. ജനറല്‍ ചൗധരി പറയുന്നു.
ദല്‍ഹിയിലേക്കുള്ള രണ്ടു യൂണിറ്റുകളുടേയും നീക്കത്തില്‍ അസ്വഭാവികത ഇല്ലായിരുന്നെന്നും പതിവു നീക്കം മാത്രമായിരുന്നെന്നും ചൗധരി പറയുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ ഭയന്നുപോയെന്നാണ് ചൗധരിയുടെ പ്രസ്താവന തെളിയിക്കുന്നത്.
മുന്‍ ഡിജിഎംഒയുടെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാരും സൈന്യവും തമ്മിലുള്ള ആശയവിനിയമത്തില്‍ പാളിച്ചകളുണ്ടായിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോനും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: