എല്ലാം മുകളിലുളള ഈശ്വരന്റെ കൈയിലാണ്,ഞാന്‍ ഒന്നുമല്ല. ഇത് കണ്ണൂര്‍ പളളിക്കുന്ന് സ്വദേശിയും 73 ന്റെ നിറവിലും കൃത്രിമ മുട്ടുകളുമായി നൃത്ത-റേഡിയോ നാടക വേദികളില്‍ സജീവ സാന്നിധ്യമായ പി.വി.വല്ലീദേവിയെന്ന അധ്യാപികയുടെ വാക്കുകളാണിത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാഴുന്ന, സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നു നിഷ്ക്കര്‍ഷിച്ച കാലഘട്ടത്തില്‍ യാഥാസ്ഥിതിക സമുദായത്തില്‍ ജനിച്ച് നന്നേ ചെറുപ്പം തൊട്ടേ കലയെ സ്നേഹിച്ച് തന്റെ ഉള്ളിലെ കലാ-നൃത്ത ദാഹം കുട്ടികള്‍ ഉള്‍പ്പെടെയുളള ശിഷ്യ ഗണങ്ങളിലേക്ക് പകര്‍ന്ന് നല്‍കിക്കൊണ്ട് ടീച്ചര്‍ സന്തോഷത്തോടെ കഴിയുന്നു. പക്ഷേ സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായങ്ങളോ അംഗീകാരങ്ങളോ ലഭിച്ചില്ല. ഇവതേടി ടീച്ചര്‍ എങ്ങോട്ടും പോയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
നന്നേ ചെറുപ്പം തൊട്ടേ അഭിനയത്തിലും നൃത്തം, ഗാനാലാപനം എന്നിവയിലും അതിയായ കമ്പം ഉണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും പ്രോത്സാഹനവും ലഭിച്ചില്ലെങ്കിലും ആരും തന്നെ നിരുത്സാഹപ്പെടുത്തിയില്ല. മെട്രിക്കുലേഷനു ശേഷം ഹിന്ദി പ്രവീണിനു ചേര്‍ന്ന് പഠിച്ച് പാസ്സായ വല്ലി ടീച്ചര്‍ പള്ളിക്കുന്ന് രാധാവിലാസം സ്ക്കൂളില്‍ അധ്യാപികയായി. 18ാം വയസ്സില്‍ കൈകാലുകള്‍ക്ക് വാതരോഗം പിടിപെട്ട ടീച്ചര്‍ നിരന്തര ചികിത്സയ്ക്കൊടുവില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ ജീവിത്തതിലേക്ക് തിരിച്ചു വന്നു. 23-ാം വയസ്സില്‍ 1978 -ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ തിരുവാതിര അവതരിപ്പിച്ചും നാടകത്തിലഭിനയിച്ചും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് കഴിഞ്ഞ 36 വര്‍ഷക്കാലമായി പളളിക്കുന്നിലും പരിസരത്തും കലാ-സാംസ്ക്കാരിക പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. 1979 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ ഡ്രാമാ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ടീച്ചര്‍ കണ്ണൂരില്‍ എഫ്.എം നിലയം പ്രവര്‍ത്തിച്ചു തുടങ്ങിയതുമുതല്‍ കണ്ണൂര്‍ ആകാശവാണിയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
പളളിക്കുന്ന് ഹൈസ്ക്കൂളില്‍ നിന്ന് 1994 ല്‍ ഹിന്ദി അധ്യാപികയായി വിരമിച്ച വല്ലി ടീച്ചര്‍ ഇപ്പോഴും കണ്ണൂരിലെ കലാരംഗത്ത് സജീവ സാന്നിധ്യമാണ്. തിരുവാതിരക്കളിയുള്പ്പെടെ നൃത്ത കലകളില്‍ വലിയൊരു ശിഷ്യ ഗണം തന്നെ ടീച്ചര്‍ക്ക് കണ്ണൂരിലും പരിസരത്തും പളളിക്കുന്നിലുമായുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന ‘ഉത്സവം’ എന്ന പരിപാടിയില്‍ ടീച്ചര്‍ തിരുവാതിര നൃത്തമാടി.
ഏഴിലധികം നാടകങ്ങളും നിരവധി കഥകളും എഴുതിയിട്ടുളള ടീച്ചറുടെ ഒട്ടുമിക്ക നാടകങ്ങളും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പത്തോളം ടെലിഫിലിമിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുളള ടീച്ചര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അഭിനയിക്കാനുളള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഒരു അംഗീകാരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതില്‍ തനിക്ക് വിഷമമില്ലെന്നും എല്ലാം ഈശ്വരേച്ചയാണെന്നും ടീച്ചര്‍ പറയുന്നു. ദൈവ ഹിതം കൊണ്ട് ഇതുപോലെ മുന്നോട്ടു പോയാല്‍ മതി. സ്റ്റീല്‍ മുട്ടുകളുപയോഗിച്ച് ഇത്രയധികം ചെയ്യാന്‍ സാധിക്കുന്നതില്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നതായും തനിക്ക് നാട്ടുകാരും പ്രദേശവാസികളും തരുന്ന സ്നേഹം മഹത്തരമാണെന്നും ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു. പളളിക്കുന്ന് ദേവീറോഡില് താമസിക്കുന്ന ടീച്ചറുടെ ഭര്‍ത്താവ് പി.എസ്.വാര്യര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരുന്നു. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്രിന്‍സിപ്പാളായ പ്രേമലത, തിരൂരില്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന അഡ്വ. ദിനേശന് എന്നിവര്‍ മക്കളാണ്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: