ശബാനആസ്മി ഡോക്ടറുമാണ്. ഒരുവട്ടമല്ല, അഞ്ചുതവണ. ചികിത്സിക്കാനില്ലെന്നു മാത്രം… എങ്കില്‍ പിന്നെ എന്ത് ഡോക്ടര്‍ എന്നല്ലെ? ചലച്ചിത്ര മേഖലയ്ക്കു നല്കിയ മികച്ച സംഭാവനകള്‍ക്ക് വിവിധ യൂണിവേഴ്സിറ്റികള്‍ നല്കിയ അംഗീകാരമാണ് ഈ ഡോ. പദവി. ഇനി ഡോക്ടറേറ്റില്‍ എന്ത് പുതുമ എന്നു സംശയിച്ചേക്കാം. കാര്യംനിസാരമല്ല, ഡോക്ടറേറ്റും നിസാരമല്ലല്ലോ… കാര്യമിതാണ്, 63-കാരിയായ ശബാന ആസ്മി വെറുമൊരു അഭിനേത്രി മാത്രമല്ല അഞ്ച് ഡോക്ടറേറ്റുകളുടെ ഉടമയാണ്. സമാന്തരസിനിമാരംഗത്തെ മികച്ച പ്രകടനത്തിലൂടെ അഞ്ച് തവണ ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഡോക്ടറേറ്റ് പദവിയും ശബാനയെ തേടിയെത്തുകയായിരുന്നു.
ചലച്ചിത്രനടി എന്നതിലുപരി സാമൂഹിക പ്രവര്‍ത്തകയായും ഏറെ പ്രശസ്തയായ ശബാനയ്ക്ക് അഞ്ചാമത്തെ ഡോക്ടറേറ്റ് ലഭിച്ചത് കഴിഞ്ഞ അഞ്ചിനാണ്. ടിഇആര്‍ഐ യൂണിവേഴ്സിറ്റിയാണ് ഇത്തവണ ഡോക്ടറേറ്റ് നല്കി ശബാനയെ ആദരിച്ചത്. അഞ്ചാമത്തെ ഡോക്ടറേറ്റ് തേടിയെത്തിയ വിവരം ശബാന തന്നെയാണ് ആരാധകരെ അറിയിച്ചത്. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, ലീഡ്സ് മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി, ജാമിയ മിലിയ യൂണിവേഴ്സിറ്റി, സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി എന്നിവരാണ് ഇതിന് മുമ്പ് ശബാനയ്ക്ക് ഡോക്ടറേറ്റ് നല്‍കിയത്.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് മനശ്ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ശബാന ആസ്മി അഭിനയത്തിലേക്ക് തിരിഞ്ഞത്. പഠനകാലം മുതല്‍ നാടകത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും താല്‍പ്പര്യമുണ്ടായിരുന്ന അവര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്നതും അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ്. ശ്യാം ബെനഗലിന്റെ അങ്കുര്‍ എന്ന ചിത്രമാണ് ശബാന ആസ്മിയുടെ ആദ്യ ചലച്ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ആര്ത്, ഖാന്ധാര്, പാര് എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു എന്നതും ശബാനയുടെ മാത്രം ഭാഗ്യമാണ്. 1999-ല്‍ ഗോഡ്മദര്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ച ദേശീയപുരസ്കാരമാണ് അഞ്ചാമത്തേത്.
1996-ല്‍ ദീപ മേത്തയുടെ ഫയര്‍ എന്ന സിനിമയിലെ അഭിനയം ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ചിക്കാഗോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹുഗോ അവാര്‍ഡും ലോസ് ആഞ്ചലസില്‍ നടന്ന ഔട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ശബാന സ്വന്തമാക്കി. തിരക്കിട്ട സിനിമ ജീവിതത്തിനിടയിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ശബാന ശ്രമിച്ചു. എയ്ഡ്സിനെതിരായ ബോധവല്‍ക്കരണ പരിപാടികളും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും ശബാന ആസ്മിയെ സാമൂഹ്യപ്രവര്‍ത്തകയാക്കി. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും ശബാന സജീവമായി പങ്കെടുക്കുന്നു.
എയ്ഡ്സിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന സാന്നിധ്യം അറിയിച്ചു.
അഭിനയത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ശബാനയ്ക്ക് ലഭിക്കേണ്ട അംഗീകാരം തന്നെയാണ് ഇത്. സ്ത്രീകള്‍ക്ക് ശക്തമായ കഥാപാത്രമോ, അംഗീകാരമോ ലഭിക്കാത്ത മേഖലയാണ് സിനിമ എന്ന് പരാതിപ്പെടുമ്പോഴും കഴിവുള്ള കലാകാരികള്‍ അംഗീകരിക്കപ്പെടുന്നു എന്നതിന് വലിയൊരു തെളിവുകൂടിയാണ് ശബാനയുടേത്. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ വനിതകളുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ലഭിക്കാത്ത മികവിന്റെ അംഗീകാരം തന്നെയാണ് ഈ അഞ്ച് ഡോക്ടറേറ്റുകളും….
പ്രതികരിക്കാൻ ഇവിടെ എഴുതുക: