ന്യൂദല്‍ഹി: ബിജെപി ആവശ്യപ്പെട്ട പ്രകാരം പ്രധാനമന്ത്രി സീമാന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് സഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ പിന്തുണയോടെ തെലങ്കാന ബില്‍ രാജ്യസഭ പാസാക്കി. സംസ്ഥാന വിഭജനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളെ അക്കമിട്ടു നിരത്തിയ ശേഷമാണ് ചെറു സംസ്ഥാനങ്ങള്‍ വേണമെന്ന ബിജെപിയുടെ എക്കാലത്തെയും നിലപാട് വ്യക്തമാക്കി മുഖ്യപ്രതിപക്ഷ പാര്‍ട്ടി തെലങ്കാനയ്ക്ക് പിന്തുണ നല്‍കിയത്.
ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അവതരിപ്പിച്ച ബില്ല് ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. പ്രതിപക്ഷ പിന്തുണ ഉറപ്പായതോടെ ശബ്ദവോട്ടിംഗില് ഭേദഗതികള്‍ തള്ളി രാത്രി എട്ടു മണിക്ക് ബില്ല് പാസാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഭേദഗതിയില്‍ വോട്ടിംഗ് ആവശ്യപ്പെട്ടത് അനുവദിക്കാതിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ. കുര്യന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്ക്കരിച്ചു. രാത്രി 7.30ന് പ്രധാനമന്ത്രി സീമാന്ധ്രയ്ക്കുള്ള ആറിന കര്മ്മപരിപാടികളുള്ള പ്രത്യേക പാക്കേജ് സഭയില്‍ പ്രഖ്യാപിച്ചിരുന്നു. റായ്ലസീമയിലേയും വടക്കന്‍ തീരആന്ധ്രയിലേയും ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ രാജ്യത്തെ 29-ാമത് സംസ്ഥാനമായി തെലങ്കാന നിലവില്‍ വരും.
തെലങ്കാനയെ എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലിന്റെ കോപ്പി പ്രധാനമന്ത്രിക്കു നേരെ കീറി എറിഞ്ഞതടക്കമുള്ള നാടകീയ രംഗങ്ങള്‍ ഇന്നലെയും സഭയില്‍ അരങ്ങേറി. രാവിലെ സഭ സമ്മേളിച്ചതു മുതല്‍ ബഹളം മൂലം പലതവണ നിര്‍ത്തിവെയ്ക്കേണ്ടിവന്നു.
അതിനിടെ മുഖ്യമന്ത്രി രാജിവെച്ച ആന്ധ്രപ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണ്ണര്‍ ഇ.എല്‍ നരസിംഹന് ശുപാര്‍ശ ചെയ്തു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയകാര്യസമിതി ഉടന്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: