കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മനപ്പായസമുണ്ണുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കോഴിക്കോട് ലോക്സഭാ മണ്ഡലം ബിജെപി പ്രവര്‍ത്തകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന ഒറ്റ പാര്‍ട്ടിയായി കോണ്‍ഗ്രസ് വരുമെന്നാണ് പിണറായി വിജയന് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെകൂടെ പിന്തുണയില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ തന്റെ പേരിലടക്കമുള്ള പല കേസുകളില്‍ നിന്നും തലയൂരാമെന്നാണ് പിണറായി വിജയന് മനപ്പായസമുണ്ണുന്നത്. മിഷന് 272 പ്ലസ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തും. കേരളത്തില്‍ നരേന്ദ്രമോദിക്കെതിരെ മുന്നണികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സംഘടനാ ബലത്തിനപ്പുറമുള്ള പിന്തുണയാണ് നരേന്ദ്രമോദിക്ക് ലഭിക്കുന്നത്. ഓരോ ബൂത്തിലും വിജയിക്കുകയെന്ന ഗുജറാത്ത് മാതൃകാ തെരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത് അദ്ദേഹം പറഞ്ഞു.
ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മണ്ഡലം-ജില്ലാ തല അഭിപ്രായ ശേഖരണം നടന്നുവരികയാണെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായിട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളോടെ അയക്കുന്ന ലിസ്റ്റില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളാരെന്ന് പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു എന്നുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. അദ്ദേഹം പറഞ്ഞു.
ശില്പശാലയില് ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, സെക്രട്ടറി വി വി രാജന്, വൈസ് പ്രസിഡന്റ് എം.ടി രമേശന്, കര്‍ഷകമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: