കോഴിക്കോട്: തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെ തയ്യാറാക്കിയ കെഎസ്ആര്‍ടിസി നവീകരണ പാക്കേജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരുവിഭാഗം തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിന്. അടുത്തമാസം ഒന്നിന് സംസ്ഥാന വ്യാപകമായി പണിമുടക്കി സൂചനാസമരം നടത്താനാണ് നീക്കം.
നഷ്ടത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസിയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണ പാക്കേജ് തയ്യാറാക്കിയത്. പ്രശ്നങ്ങളും പ്രതിവിധികളും ചൂണ്ടിക്കാട്ടുന്ന ഈ പാക്കേജ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കാനായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ പ്രമുഖ സംഘടനാ നേതാക്കള്‍ പറയുന്നത്. പാക്കേജ് തയ്യാറാക്കുന്ന കമ്മിറ്റിയില്‍ തൊഴിലാളികളുടെ പ്രാതിനിധ്യമില്ലായിരുന്നു. മാത്രമല്ല നവീകരണ പാക്കേജിലെ പലനിര്‍ദ്ദേശങ്ങളും അംഗീകരിക്കാനുമാവില്ല. പലതിനും വ്യക്തതയില്ല. എല്‍ഐസിയുമായി ചേര്‍ന്ന് പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന് പറയുമ്പോള്‍ അത് എപ്രകാരമെന്ന് വിശദീകരിക്കുന്നില്ല. ഡിഎ വര്‍ദ്ധന അടക്കമുള്ള കാര്യത്തില്‍ ഈ അവ്യക്തതയുണ്ട്.
പാക്കേജില്‍ തൊഴിലാളികളെ പെരുപ്പിച്ച് കാട്ടിയതായും പറയുന്നു. ദിവസക്കൂലി പറ്റുന്ന എം.പാനലുകാരെക്കൂടി ഉള്‍പ്പെടുത്തിയാണ് ജീവനക്കാരുടെ കണക്കെടുത്തത്. ഇത്് വെച്ച് ജീവനക്കാര്‍ കൂടുതലാണെന്ന് പറയുന്നതില്‍ ഒരു ന്യായീകരണവുമില്ല. ലാഭം കുറഞ്ഞ റൂട്ടുകളില്‍ ബസ് ഓടിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവും അംഗീകരിക്കാനാവില്ല. കെഎസ്ആര്‍ടിസി സാമൂഹ്യപ്രതിബദ്ധതയോടെയുള്ള സ്ഥാപനമാണെന്ന കാര്യം വിസ്മരിക്കരുതെന്നും യൂണിയന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള നവീകരണ പാക്കേജിനെതിരെ ഭരണകക്ഷി തൊഴിലാളി യൂണിയന് നേതാക്കള്‍ക്ക് വരെ പ്രതിഷേധമുണ്ട്. ഈ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നത് ഇടതുപക്ഷ യൂണിയനായ കെഎസ്ആര്ടിഇഎയാണ്.
തൊഴിലാളികളെ പരിഗണിക്കാതെ, അവ്യക്തതയോടെ തയ്യാറാക്കിയ നവീകരണ പാക്കേജ് തിരുത്തുക, മുടങ്ങിയ പെന്ഷന് വിതരണം ചെയ്യുക, സ്വകാര്യ ബസ്സുകള്‍ക്ക് അനുകൂലമായി കെഎസ്ആര്‍ടിസി റൂട്ടുകള്‍ നല്‍കാനുള്ള നീക്കം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പണിമുടക്കി സൂചനാസമരം നടത്താനാണ് ഇടതു യൂണിയന് നീക്കം. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: