കോട്ടയം: വിദ്യാര്‍ത്ഥികള്‍ ക്ലാസിലുണ്ടോ ഇല്ലയോ എന്ന വിവരം എസ്.എം.എസിലൂടെ ഇനി തത്സമയം രക്ഷിതാക്കളിലെത്തും. ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 2014-15 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലാണിത്.
സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അപ്രത്യക്ഷരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇത് ഒഴിവാക്കാനുള്ള പരിഹാരം തേടിയുള്ള ചര്‍ച്ചകളാണ് ഈ ആശയത്തിലെത്തിയത്. സ്കൂളില്‍ ഹാജരായിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ ആരാണെങ്കിലും ആ വിവരം രക്ഷിതാക്കളില്‍ ഉടനെത്തും.
ഓരോ ദിവസത്തെയും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില കമ്പ്യൂട്ടറിന്റെ സഹായത്തോടെ രക്ഷിതാക്കളുടെ മൊബെയില്ഫോണുകളില് എസ്എംഎസ്ആയി സ്കൂള്‍ അധികൃതര്‍ അറിയിക്കും. ഹാജര്‍ എടുക്കുന്ന സമയത്തു തന്നെ വിവരം രക്ഷിതാക്കള്‍ക്കെത്തും. ജില്ലയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയിട്ടില്ല എന്ന വിവരം വൈകിട്ട് നാല് മണിയോടെ അറിയാം. ജില്ലയിലെ 58 സര്‍ക്കാര്‍ സ്കൂളുകളിലും 180 എയ്ഡഡ് സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുക. 10 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: